പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ എൽ.ഡി.എഫ് ഇത്തവണ പടക്കളത്തിലിറക്കിയിരിക്കുന്നത് സി.പി.എം വനിതാ നേതാവായ ലളിതകുമാരി മോഹനനെ.
ഇത്തവണ അട്ടിമറി വിജയപ്രതീക്ഷയിലാണ് എൽ.ഡി.എഫ്. രായമംഗലം, അശമന്നൂർ, വേങ്ങൂർ പഞ്ചാത്തുകളിലെ 44 വാർഡുകൾ ഉൾപ്പെടുന്നതാണ് പുല്ലുവഴി ഡിവിഷൻ. രായമംഗലം, വേങ്ങൂർ ഗ്രാമപഞ്ചായത്തുകളിലെ ഭരണം നിലവിൽ എൽ.ഡി.എഫിനാണ്. അശമന്നൂർ കഴിഞ്ഞ തവണ യുഡി എഫിന് ഒപ്പം നിന്നു.
ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപദ്ധതികൾ, പൊതുവികസനം എന്നിവയിൽ എൽ.ഡി.എഫ് സർക്കാരിന്റെ നാലര വർഷത്തെ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ലളിതകുമാരിയുടെ വോട്ടഭ്യർത്ഥന.
വേങ്ങൂർ പഞ്ചായത്തിൽ ജനിച്ചുവളർന്ന ലളിതകുമാരിയുടെ രാഷ്ട്രീയത്തിനു അതീതമായ സുഹൃത് ബന്ധങ്ങളും തുണയാകും. 10 വർഷം തുടർച്ചയായി
അശമന്നൂർ പഞ്ചായത്ത് പയ്യാൽ വാർഡ് അംഗമായിരുന്നു. ഒരുവട്ടം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായി. രണ്ടാം തവണ ജനറൽ സീറ്റിൽ നിന്നാണ് വിജയിച്ചത്.
സി.പി.എം ഓടക്കാലി ലോക്കൽ കമ്മിറ്റി അംഗമായ ലളിതകുമാരി ജനാധിപത്യ മഹിളാ അസോസയേഷൻ അശമന്നൂർ വില്ലജ് കമ്മിറ്റി സെക്രട്ടറിയും പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗവുമാണ്. എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ വില്ലേജ് പ്രസിഡന്റ്, ഏരിയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
പയ്യാൽ ചെറുവള്ളിപ്പടി കുടുംബാംഗം സംസ്ഥാന ഗ്രാമ വികസന വകുപ്പ് ജീവനക്കാരൻ പരേതനായ സി.എൻ മോഹനന്റെ ഭാര്യയാണ്. മക്കൾ: അനിൽ, ബിനിൽ.
പുല്ലുവഴി കമ്മ്യൂണിസത്തിന്റെ വിളനിലം
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏറെ വേരോട്ടമുള്ളമണ്ണാണ് പുല്ലുവഴി. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി.ഗോവിന്ദപിള്ള, മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻനായർ, എഴുത്തുകാരൻ എം.പി.നാരായണ പിള്ള, പ്രശസ്ത പത്രപ്രവർത്തകനായ എം.പി.ഗോപാലൻ, പി.കെ.ഗോപാലൻ നായർ, എസ്.ശിവശങ്കരപ്പിള്ള (ഇടപ്പള്ളി ശിവൻ), പ്രശസ്ത നാടകകൃത്ത് കാലടി ഗോപി, രണ്ടു വട്ടം നിയമസഭയിൽ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ച
പി.ആർ.ശിവൻ, കെ.പി.ഗംഗാധരൻ (ജയകേരളം), എം.ടി.തോമസ് (മുക്കണഞ്ചേരി) തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെയും സാംസ്‌കാരിക നായകന്മാരുടെയും ഓർമ്മകൾ നിറഞ്ഞുനിൽക്കുന്നയിടം കൂടിയാണ് ജില്ലാ പഞ്ചായത്തു പുല്ലുവഴി ഡിവിഷൻ.