കൊച്ചി : സ്വർണക്കടത്തു കേസിൽ കോഫെപോസ ചുമത്തി കരുതൽ തടങ്കലിലാക്കിയതിനെതിരെ സ്വപ്‌ന സുരേഷ് നൽകിയ അപ്പീൽ കോഫെപോസ ബോർഡ് വിധി പറയാൻ മാറ്റി. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് സുനിൽ തോമസ്, ജസ്റ്റിസ് എ. ഹരിപ്രസാദ് എന്നിവരുൾപ്പെട്ട ബോർഡാണ് വാദം കേട്ടത്.
സ്വപ്നയുടെ ലോക്കറിൽ നിന്ന് ഒരു കോടി രൂപ കണ്ടെടുത്തിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികൾക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്. എന്നാൽ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾക്കു തന്നെ വിരുദ്ധ നിലപാടാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. തുടർച്ചയായി കസ്റ്റഡിയിൽ ചോദ്യം ചെയ്തു രേഖപ്പെടുത്തിയ മൊഴികളും വിശ്വസനീയമല്ല. കോഫെപോസ ചുമത്തുന്നതോടെ പ്രതിയെ ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാൻ കഴിയും. ഒക്ടോബർ പത്തിനാണ് കോഫെപോസ ചുമത്തിയത്.
സ്വപ്നയുടെ മൊഴിയെടുക്കുന്നതിൽ അനുമതി തേടി ജയിൽ വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജൻസി സമ്മർദ്ദം ചെലുത്തുന്നതായുള്ള വിവാദ ശബ്ദരേഖയിൽ സ്വപ്നാസുരേഷിന്റെ മൊഴിയെടുക്കുന്നതിൽ ജയിൽ വകുപ്പ് കോടതിയുടെയും കസ്റ്റംസിന്റെയും അനുമതി തേടി. സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ജയിൽ വകുപ്പിനെ സമീപിച്ച സാഹചര്യത്തിലാണിത്. കൊഫെപോസ നിയമം ചുമത്തിയതിനെത്തുടർന്നാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. ജുഡിഷ്യൽ കസ്റ്റഡിയിലുള്ളതിനാലാണ് സ്വപ്നയുടെ മൊഴിയെടുക്കുന്നതിൽ ജയിൽവകുപ്പ് കോടതിയുടെ അനുമതി തേടിയത്.