അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലുംയു.ഡി.എഫിലും വിമതശല്യം.വിമതരെ ഒതുക്കാനാവാതെ നേതാക്കൾ കുഴങ്ങുകയാണ്.14 വാർഡുകളുള്ളഗ്രാമപഞ്ചായത്തിൽ രണ്ടു വാർഡുകളിൽ എൽ.ഡി.എഫിനും നാല് വാർഡുകളിൽ യു.ഡി.എഫിനും റബൽഭീഷണിയുണ്ട്.

സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. രാജൻ മത്സരിക്കുന്ന ആറാംവാർഡിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം.എം. മഹേഷ് സ്വതന്ത്രനായി മത്സരിക്കുന്നു. നാലാംവാർഡിൽ സി.പി.എം സ്ഥാനാർത്ഥി സിനിസുനിലിന് എതിരായി മുൻതിരഞ്ഞെടുപ്പിൽ സി.പിഎം സ്ഥാനാർത്ഥിയായി മത്സരിച്ച സിസിലി എൽദോയാണ് വിമതയായി മത്സരിക്കുന്നത്. അഞ്ചാംവാർഡിൽ കോൺഗ്രസ് നേതാവ് വി.വി. വിശ്വനാഥനെതിരായി സർവീസ് സഹകരണ ബാങ്ക് ഭരണസമിതിഅംഗവും കോൺഗ്രസ് നേതാവുമായ എം.കെ. രാജീവ് മത്സരിക്കുന്നു. യു.ഡി.എഫ് ഘടകകക്ഷികളായ ആർ.എസ്.പിക്കും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും നൽകിയ സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നു. എട്ടിൽ അഡ്വ.കെ.പി.ജോൺസനെതിരായി കോൺഗ്രസിലെ റോയി സെബാസ്റ്റ്യനും ഒമ്പതാംവാർഡിൽ കേരളകോൺഗ്രസ് സ്ഥാനാർത്ഥി നിതജോയിക്കെതിരായി ബീന വർഗീസും മത്സരരംഗത്തുണ്ട്. പത്താം വാർഡിൽ കോൺഗ്രസിലെ കെ. പി. കുര്യാച്ചനെതിരെ തോമസ് ആഗസ്തി റബലായി മത്സരിക്കുന്നു.നാലിൽ മത്സരിക്കുന്ന സി.പി.എം റബൽ സ്ഥാനാർത്ഥിയെ എൻ.ഡി.എ പിന്തുണയ്ക്കുന്നു.