പറവൂർ: പെരിയാറിൽനിന്നും ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ടിന്റെ നിർമ്മാണം വൈകുന്നു. ഡ്രഡ്ജർ എത്താൻ വൈകുന്നതാണ് കാരണമായി പറയുന്നത്.
ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് പുത്തൻവേലിക്കര കുടിവെള്ളപദ്ധതിയേയും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലെ കൃഷിയേയും സാരമായി ബാധിക്കും. വേനൽ കടുത്തതോടെ പുഴയിൽ ഉപ്പിന്റെ തോത് കൂടിവരികയാണ്.
മണൽബണ്ട് നിർമിക്കാനുള്ള ഡ്രഡ്ജർ മേജർ ഇറിഗേഷൻ വകുപ്പിന്റേതാണ്. അധികാരമൊഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ബണ്ട് നിർമ്മാണം ചൂണ്ടിക്കാട്ടി നേരത്തെതന്നെ കത്ത് നൽകിയിരുന്നു. കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ തകരാറുമൂലമാണ് എല്ലാ വർഷവും താത്കാലിക മണൽബണ്ട് കെട്ടുന്നത്. ഇതിനായി പ്രതിവർഷം 25 ലക്ഷം രൂപയോളം ചെലവുവരുന്നുണ്ട്. ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും അടിത്തട്ടിലൂടെ വെള്ളം ഒഴുകുന്നത് തടയാൻ സാധിച്ചിട്ടില്ല. മുൻകാലങ്ങളിൽ നവംബർ മദ്ധ്യത്തോടെ ബണ്ട് നിർമാണം ആരംഭിക്കാറുണ്ട്. മൂന്നാഴ്ചകൊണ്ട് നിർമാണം പൂർത്തിയാക്കാനാകും.
ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള ശാശ്വതപരിഹാരം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷട്ടറുകളുടെ ചോർച്ച പരിഹരിക്കുകയാണ്.കഴിഞ്ഞവർഷം സെപ്തംബറിൽ മേജർ ഇറിഗേഷൻ ചീഫ് എൻജിനിയർ കെ.എച്ച്. ഷംസുദ്ദീൻ സ്ഥലത്തെത്തി പരിഹാര നിർദേശങ്ങൾ നൽകിയിരുന്നുവെങ്കിലും നടപ്പായില്ലെന്നുമാത്രം.