പറവൂർ: പറവൂർ നഗരസഭയിൽ ആറ് വാർഡുകളിൽ കോൺഗ്രസ് വിമതർ മത്സരരംഗത്ത്. ഒന്നാംവാർഡിൽ ബ്ലോക്ക് സെക്രട്ടറി ജോബി പഞ്ഞിക്കാരൻ,രണ്ടിൽ നിലവിലെ കൗൺസിലർ ജിൻസി ജിബു, ആറിൽ ബ്ലോക്ക് ജനറൽ സെക്രട്ടറി ടോബി മാമ്പിള്ളി, പത്തിൽ മുൻനഗരസഭ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ്, ഇരുപത്തിയാറിൽ ഐ.എൻ.ടി.യു.സി ജില്ല വനിതാവിഭാഗം സെക്രട്ടറി മേരി പാപ്പച്ചൻ, ഇരുപത്തിയേഴിൽ മഹിളാ കോൺഗ്രസ് നേതാവ് നിർമ്മല രാമൻ എന്നിവരാണ് മത്സരിക്കുന്നത്. രണ്ടു വിമതർ നാമനിർദേശ പത്രിക പിൻവലിച്ചു.
പറവൂരിൽ ആദ്യമായാണ് ഇത്രയുമധികം വിമതർ മത്സരിക്കുന്നത്. വി.ഡി. സതീശൻ എം.എൽ.എ, കെ.പി.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിമതരുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും പരിഹരിക്കാനായില്ല. പിൻമാറണമെങ്കിൽ സാദ്ധ്യമാകാത്ത ആവശ്യങ്ങളാണ് വിമതർ ഉന്നയിച്ചത്. എന്നാൽ ഇവർക്ക് വാർഡുകളിൽ കാര്യമായ സ്വാധീനം ഇല്ലാത്തതിനാൽ വിജയസാദ്ധ്യതയെ ബാധിക്കില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. അച്ചടക്കം പാലിക്കാത്ത പാർട്ടി ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർക്കെതിരെ കർശന നടപടികൾ അടുത്ത ദിവസങ്ങളിലുണ്ടാവുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.