social-media

കോലഞ്ചേരി: നാട്ടിൻപുറങ്ങളിലെ കവലകളിലും മറ്റും ഫോണിൽ കുത്തിയിരിക്കുന്ന് സമയം കളയുന്ന 'ഫ്രീക്കന്മാർക്ക്' തിരഞ്ഞെടുപ്പ് വന്നതോടെ വൻ ഡിമാൻഡ് ! തിരഞ്ഞെടുപ്പ് പ്രചാരണം സമൂഹ മാദ്ധ്യമങ്ങളിൽ ചൂട് പിടിച്ചപ്പോൾ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും സോഷ്യൽമീഡിയകളിലെ താരങ്ങളായ ഫ്രീക്കന്മാരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതായി. ഇതാണ് വെറുതെ ഫോണിൽ കണിച്ചിരിക്കുന്നവരെന്ന ആക്ഷേപം ഏറ്റുവാങ്ങിയിരുന്നവരുടെ മൂല്യം കുത്തനെ ഉയരാൻ കാരണം.

പിടിപ്പത് പണി

സമൂഹ മാദ്ധ്യമങ്ങളിൾ ഉപയോഗിക്കാനുള്ള പേരും ചിഹ്നവും ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ തയാറാക്കുക, വികസന പ്രവർത്തനങ്ങളുടെ കാർഡുകൾ തയ്യാറാക്കുക, സ്ഥാനാർത്ഥിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക, ആവശ്യമായ പോസ​റ്റുകൾ ഇടുക, ട്രോളുണ്ടാക്കുക, പോസ്റ്റുകൾക്കുള്ള ലൈക്കും ഷെയറും വർദ്ധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം ഫ്രീക്കന്മാരുടെ സഹായത്തോടെയാണ് പല സ്ഥാനാർത്ഥികളും മുമ്പോട്ട് പോകുന്നത്. വൻകിട ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾക്ക് ക്വട്ടേഷൻ കൊടുക്കാനുള്ള പാങ്ങൊന്നുമില്ലാത്ത പാവം സ്ഥാനാർത്ഥിക്ക് ഫ്രീക്കന്മാർ മാത്രമേ ആശ്രയമുള്ളൂതാനും.

തത്കാല ആശ്വാസം

മൂന്ന് മുന്നണികളും പ്രാദേശികമായ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം പ്രചരണങ്ങൾ നടത്താൻ 'ഫ്രീക്കന്മാ'രുടെ സഹായം തേടിയിരിക്കുന്നതിനാൽ നാട്ടിൻപുറങ്ങളിൽ വെറുതെ ഫോണിൽ കളിച്ചിരിക്കുന്നവരെന്ന ആക്ഷേപം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും ഉണ്ടാകില്ലല്ലോയെന്ന ആശ്വാസത്തിലാണു ഫ്രീക്കന്മാർ.