പള്ളുരുത്തി: പേരാളികളുടെ ചിത്രം തെളിഞ്ഞു. പോർമുഖവും ഉണർന്നു. കൊച്ചി കോർപ്പറേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഇക്കുറി കടുക്കുമെന്ന് ഉറപ്പായി. നഗരസഭ നിലനിർത്തുകയാണ് യു.ഡി.എഫ് ലക്ഷ്യം. പിടിച്ചെടക്കുകയെന്നത് എൽ.ഡി.എഫിന്റെയും. ഇരുവരെയും തള്ളി ഭരണത്തിലേറുകയാണ് എൻ.ഡി.എ നോട്ടമിടുന്നത്. അതേസമയം പശ്ചിമകൊച്ചി തിരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമാകുകയാണ്. കൊച്ചി കോർപ്പറേഷന്റെയും ജി.സി.ഡി.എയുടെയും സുപ്രധാന പദവി വഹിച്ചിരുന്നവർ മത്സരിക്കുന്നു എന്നതാണ് മേഖലയിലേക്ക് കൂടുതൽ ശ്രദ്ധപതിയാൻ കാരണം. മുൻ മേയർ കെ.ജെ.സോഹൻ മുൻ ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, മുൻ ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ, മുൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സന്മാരായ പ്രതിഭ അൻസാരി, ഷൈനി മാത്യു എന്നിവരാണ് പശ്ചിമകൊച്ചിയിലെ വിവിധ ഡിവിഷനുകളിൽ ജനവിധി തേടുന്നത്. നിരവധി പുതുമുഖങ്ങളും ഇക്കുറി മൂന്ന് മുന്നണികൾക്കുമായി പശ്ചിമ കൊച്ചിയിൽ മത്സര രംഗത്തുണ്ട്. പാളയത്തിൽപടയായി വിമതരും. അതേസമയം പുതിയ സംഘടനയായ വി ഫോർ കൊച്ചിയുടെ സാന്നിദ്ധ്യം മുന്നണികൾക്ക് വെല്ലുവിളിയായിട്ടുണ്ട്. പല ഡിവിഷനുകളിലും ഇവർ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു.
കെ.ജെ.സോഹൻ
ഫോർട്ടുകൊച്ചി വെളിയിലാണ് മുൻ മേയർ കെ.ജെ സോഹൻ ജനവിധി തേടുന്നത്. എം.എഫ്. സോളിയാണ് യു.ഡി.എഫ്
സ്ഥാനാർത്ഥി. സിറ്റിംഗ് കൗൺസിലർ ബെനഡിക് ഫെർണാണ്ടാണ് ഇടത് മുന്നണിക്കായി കളത്തിലുള്ളത്. നിവിൻ ഹ്യൂബർട്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥി. വീറും വാശിയുമേറിയ ചതുഷ്കോണ മത്സരമാണ് വെളി ഡിവിഷനിൽ നടക്കുന്നത്.
കെ.ആർ.പ്രേമകുമാർ
മുൻ ഡെപ്യൂട്ടി മേയറായി കെ.ആർ പ്രേമകുമാർ പന്ത്രണ്ടാം ഡിവിഷനായ തറേ ഭാഗത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പതിനേഴാം ഡിവിഷനായ പെരുമ്പടപ്പ് സീറ്റിനായി പ്രേമകുമാർ പിടിവാശി പിടിച്ചെങ്കിലും പിന്നീട് നേതൃത്വത്തിന് വഴങ്ങിയാണ് തറേഭാഗത്ത് പേരിന് ഇറങ്ങിയത്. ഇവിടെ സിറ്റിംഗ് കൗൺസിലർ കെ.എച്ച്.പ്രീതി സ്വതന്ത്ര്യയായി മത്സര രംഗത്തുണ്ട്. എൽ.ഡി.എഫിനായി സോണി ഫ്രാൻസിസും എൻ.ഡി.എയ്ക്കായി നിവിൻ കുമാറും ജനവിധി തേടുന്നു.
എൻ.വേണുഗോപാൽ
മുൻ ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ ഐലന്റ് നോർത്തിലാണ് യു.ഡി.എഫിനായി ജനവിധി തേടുന്നത്. കൊച്ചി തുറമുഖ യൂണിയൻ നേതാവായ സി.ഡി.നന്ദകുമാറിനെയാണ് ഇടത് മുന്നണി കളത്തിലിറക്കിയിട്ടുള്ളത്. എൻ.ഡി.എയുടെ ടി.പത്മകുമാരിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. 700ൽ താഴെ വോട്ടർമാരുള്ള ഡിവിഷനാണിത്. വോട്ടർമാർ കുറവാണെങ്കിലും പോരാട്ടം ശക്തം തന്നെ.