കൊച്ചി: ഇന്ന് അർദ്ധരാത്രി ആരംഭിക്കുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ബി.എം.എസ് സംസ്ഥാന സമിതി അറിയിച്ചു. അന്ധമായ രാഷ്ട്രീയമാണ് പണിമുടക്കിന് പിന്നിലെന്ന് ജനറൽ സെക്രട്ടറി എം.പി. രാജീവൻ അറിയിച്ചു.

പത്തു ശതമാനം തൊഴിലാളികൾക്ക് മാത്രമാണ് 72 വർഷത്തിനിടെ കുറഞ്ഞകൂലി ഉറപ്പാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞത്. മുഴുവൻ തൊഴിലാളികൾക്കും കുറഞ്ഞ കൂലി നിയമപരമായി ഉറപ്പാക്കാൻ കഴിയുന്ന തൊഴിൽ കോഡ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കി. ചരിത്രപരമായ തൊഴിൽ നിയമമാണ് നടപ്പാക്കിയത്. വ്യവസായബന്ധ ബില്ലുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ വിയോജിപ്പുണ്ടെങ്കിലും എല്ലാ വർഷവും ആവർത്തിക്കുന്ന പണിമുടക്കിനോട് യോജിപ്പില്ല.

കേരളത്തിൽ ആയിരക്കണക്കിന് അൺ എയ്ഡഡ് അദ്ധ്യാപകർക്ക് മാന്യമായ ശമ്പളം ലഭിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവിട്ടിട്ടും നഴ്സുമാർക്ക് 18,000 രൂപ ശമ്പളം നൽകിയിട്ടില്ല. സംസ്ഥാനത്തെ മിനിമം വേജസ് കമ്മിറ്റികളുടെ കാലാവധി 15 വർഷം മുൻപ് അവസാനിച്ചെങ്കിലും പുതുക്കിയിട്ടില്ല. പ്ളാന്റേഷൻ രംഗത്ത് 330 രൂപ മാത്രമാണ് വേതനം ലഭിക്കുന്നത്. ചോർന്നൊലിക്കുന്ന ലയങ്ങൾക്ക് പകരം വീടു നൽകുമെന്ന വാഗ്ദാനം പിണറായി വിജയൻ സർക്കാർ നടപ്പാക്കിയിട്ടില്ല. കശുവണ്ടി, കെ.എസ്.ആർ.ടി.സി മേഖലയിലെ പ്രശ്നങ്ങൾ തുടരുകയാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാർക്ക് പിൻവാതിൽ നിയമനം നൽകുകയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെ രാഷ്ട്രീയ കാരണങ്ങളാൽ നടത്തുന്ന സമരത്തോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.