canteen-friends
കാന്റീനിൽ ഒരുമയോടെ പണിയെടുക്കുന്ന റഷീദ ലത്തീഫയും( ഇടത്), ഹവ്വാ ബീവിയും

മത്സരരംഗത്ത് റഷീദയും ഹവ്വാബീവിയും

പെരുമ്പാവൂർ: മിനിസിവിൽ സ്‌റ്റേഷനിലുളള കുടുംബശ്രീ കാന്റീനിലെ ഹവ്വാബീവിയം റഷീദ ലത്തീഫും ഒന്നിച്ചാണ് നടപ്പും കാന്റീനിലെ പാചകവും വിളമ്പലുമെല്ലാം. അയൽവാസികളായ രണ്ട് പേരും ആത്മാർത്ഥ കൂട്ടുകാരികളുമാണ്. ഇവർക്കിടയിൽ രഹസ്യങ്ങളൊന്നുമില്ല. എന്നാൽ നഗരസഭ തിരഞ്ഞെടുപ്പിൽ ഇവർ എൽ.ഡി.എഫ് , യു.ഡി.എഫ് മുന്നികളുടെ സ്ഥാനാർത്ഥികളായി നേരിട്ടുളള മത്സരത്തിലാണ്. പക്ഷെ തിരഞ്ഞെടുപ്പോ രാഷ്ട്രീയമോ ഒന്നും ഇവരുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ല. കാന്റീനിലെ തിരക്കിട്ട ജോലിത്തിരക്കിനിടയിലാണ് ഇരുവരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി രണ്ട് ഭാഗങ്ങളിലേക്ക് പോകുന്നത്. പ്രചരണം കഴിഞ്ഞ് കാന്റീനിലെത്തിയാൽ പിന്നെ ഇവർ ഒന്നാണ്.
പെരുമ്പാവൂർ നഗരസഭയിലെ മൂന്നാം വാർഡായ മസ്ജിദ് വാർഡിലാണ് ഇവർ നേരിട്ട് മത്സരിക്കുന്നത്.സി.പി. എം കാഞ്ഞിരക്കാട് മുൻ ബ്രാഞ്ച് സെക്രട്ടറി സുധീറിന്റെ ഭാര്യയാണ് എൽ.ഡി.എഫ് ടിക്കറ്റിൽ മത്സരിക്കുന്ന ഹവ്വാബീവി. ചുമട്ടുതൊഴിലാളിയായ ലത്തീഫിന്റെ ഭാര്യയാണ് യു.ഡി. എഫ് ടിക്കറ്റിൽ മത്സരിക്കുന്ന റഷീദ.
കുടുംബശ്രീ പ്രവർത്തകരായ ഇരുവരും ഉൾപ്പെടെ അഞ്ച് പേർ ചേർന്നാണ് കാന്റീൻ നടത്തുന്നത്. കാഞ്ഞിരക്കാട് അൽ അമീൻ കുടുംബശ്രീയിലെ അംഗങ്ങളായ ഇരുവരും കുടുംബശ്രീ ഭാരവാഹികളുമാണ്.