പെരുമ്പാവൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടിൽ കന്നിയങ്കത്തിനിറങ്ങി സ്ഥാനാർത്ഥികളായ അച്ഛനും മകളും. പെരുമ്പാവൂർ രാധാകൃഷ്ണനും മൂത്ത മകൾ അഡ്വ. പി. ആർ. ആതിരയുമാണ് രണ്ട് വാർഡുകളിൽ മത്സരത്തിനിറങ്ങുന്നത്. നഗരസഭയിലെ 25 വാർഡിലാണ് രാധാകൃഷ്ണൻ മത്സരിക്കുന്നത്. എസ്.സി. മോർച്ചയുടെ ജില്ലാ സെക്രട്ടറിയാണ് ഓട്ടോഡ്രാൈവറായ രാധാകൃഷ്ണൻ.എൻ.ഡി. എ സ്ഥാനാർത്ഥികളായാണ് ഇരുവരും മത്സരിക്കുന്നത്. 19ാം വാർഡിൽ ജനവിധി തേടുന്ന ആതിര ബി.ജെ.പി ലീഗൽ സെൽ പെരുമ്പാവൂർ യൂണിറ്റ് സെക്രട്ടറിയാണ്. കഴിഞ്ഞ വർഷം അഡ്വക്കേറ്റായി എന്റോൾ ചെയ്ത ആതിര പെരുമ്പാവൂരിൽ അഡ്വ.ടി.വി എൽദോയുടെ കീഴിലാണ് പ്രാക്ടീസ് ചെയ്യുന്നത്. സ്വന്തം വാർഡായ കെ.എസ്.ആർ.ടി.സി വാർഡിലാണ് ആതിര മത്സരിക്കുന്നത്. ഇരുവരുടെയും കന്നിയങ്കമാണ്. രാവിലെ ഏഴ് മണിയോടെ ഒരുമിച്ച് വീട്ടിൽ നിന്നും ഇറങ്ങുന്ന അച്ഛനും മകളും രണ്ട് വാർഡുകളിലായി വോട്ട് തേടുകയാണ്. ശക്തമായ മത്സരം കാഴ്ച്ച വയ്ക്കുന്ന വാർഡുകളിലാണ് ഇരുവരും പോരിനിറങ്ങുന്നത്. രണ്ട് വാർഡുകളിലും തങ്ങൾ താമര വിരിയിക്കുമെന്ന് ഇരുവരും ആത്മവിശ്വാസം പങ്കു വച്ചു.