ആലുവ: ഗതാഗതം കുറഞ്ഞ റോഡായിട്ടും ലക്ഷങ്ങൾ മടക്കി റബറൈസ്ഡ് ടാറിംഗ് നടത്തിയതോടെ പ്രഭാത സവാരിക്കാരുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് കുട്ടമശേരി ചാലക്കലിലെ തുമ്പിച്ചാൽ റോഡ്. അയൽ പ്രദേശങ്ങളിൽ നിന്നുപോലും നിരവധി ആളുകളാണ് ഇവിടെ പ്രഭാതസവാരിക്കെത്തുന്നത്.
തുമ്പിച്ചാൽ വഴി കടന്നുപോകുന്ന കുട്ടമശേരി തടയിട്ടപറമ്പ് റോഡ് അടുത്തിടെയാണ് അൻവർ സാദത്ത് എം.എൽ.എ 1.75 കോടി രൂപ ചെലവിൽ റബറൈസ്ഡ് ടാറിംഗ് നടത്തിയത്. ടാറിംഗിന് വേഗത്തിൽ കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയുള്ള സ്ഥലത്ത് കോൺക്രീറ്റ് കട്ടകളും വിരിച്ചിട്ടുണ്ട്.
# പ്രകൃതി രമണീയം
തുമ്പിച്ചാൽ ജലസംഭരണിയുടെയും പാടശേഖരത്തിന്റെയും നടുവിലൂടെ പോകുന്ന റോഡ് കണ്ണുകൾക്ക് കുളിർമ നൽകുന്നതാണ്. മഞ്ഞുകാലമായതോടെ ഇവിടെ മൂന്നാറിന്റെ മനോഹാരിതയാണിപ്പോൾ. കോടമഞ്ഞിൽ കുളിർകാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് കൊണ്ട് തുമ്പിച്ചാലിലൂടെയുള്ള പ്രഭാതസവാരി ശരീരത്തിനും മനസിനും നവോന്മേഷം നൽകുന്നതായി സവാരിക്കെത്തുന്നവർ പറയുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ എത്തുന്നുണ്ട്. സൈക്ലിംഗിനായും നിരവധി പേരെത്തുന്നു. സായാഹ്നത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.
# തുമ്പിച്ചാൽ ജലസംഭരണി സംരക്ഷിക്കണം
പത്തേക്കറോളം വരുന്ന തുമ്പിച്ചാൽ ജലസംഭരണി പുല്ലും കാടും കയറിയ നിലയിലാണ് ഇപ്പോഴുള്ളത്. ജില്ലയിലെ തന്നെ വലിയ ജലസംഭരണികളിൽ ഒന്നായ തുമ്പിച്ചാൽ സംരക്ഷിക്കാൻ ത്രിതല പഞ്ചായത്ത് ഭരണസമിതികൾ മുന്നോട്ടുവരണമെന്നും പുതിയതായി വരുന്ന ഭരണസമിതികൾ വിഷയത്തിന് മുൻതൂക്കം നൽകണമെന്നും പ്രഭാതസവാരിക്കെത്തുന്നവർ ആവശ്യപ്പെടുന്നു. തുമ്പിച്ചാൽ ജലസംഭരണി കെട്ടി സംരക്ഷിച്ച് തുമ്പിച്ചാലിന് ചുറ്റും വാക് വേ നിർമിച്ചാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.