കൊച്ചി: ഫോർട്ടുകൊച്ചി തുരുത്തി കോളനി നിവാസികളുടെ വീടെന്ന സ്വപ്നത്തിന് വീണ്ടും തിരിച്ചടി. ഒരു വർഷത്തോളമായി മുടങ്ങിക്കികിടക്കുന്ന റേ (രാജീവ്ഗാന്ധി ആവാസ് യോജന) പദ്ധതി പുനരാരംഭിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചെങ്കിലും സെക്രട്ടറി ഒപ്പിടാത്തതിനാൽ പദ്ധതി വീണ്ടും നീളുമെന്ന് ആശങ്ക. പശ്ചിമകൊച്ചിയിലെ സന്നദ്ധ സംഘടനകളുടെയും ഗുണഭോക്താക്കളുടെയും നേതൃത്വത്തിൽ വീടിനുവേണ്ടി കാത്തിരിക്കുന്നവരുടെ ദയനീയാവസ്ഥ സെക്രട്ടറിയെ നേരിൽക്കണ്ട് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്നാണ് ആക്ഷേപം.

റേ പദ്ധതിയുടെ കീഴിൽ രണ്ട് ടവറുകളിലായി 12 നിലകളുള്ള ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ 2013 ലാണ് കോർപ്പറേഷൻ അനുമതി നൽകിയത്. ഓരോന്നിലും 198 ഫ്ളാറ്റുകൾ വീതം നിർമ്മിക്കാനായിരുന്നു തീരുമാനം. 14 കോടിയുടെ കരാറിൽഒപ്പിട്ടു. 2019 ൽ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യകെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും 2019 ജനുവരിയിൽ ഒന്നാം നിലയിലെത്തിയതോടെ പണി നിലച്ചു. ഇതിന് പിന്നാലെ കൗൺസിലിന്റെ അനുമതിയില്ലാതെ കരാറുകാരന് മേയർ ഡെപ്പോസിറ്റ് തുക തിരിച്ചുനൽകിയത് വിവാദത്തിന് വഴിവച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി പുനരാരംഭിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി ഉത്തരവിട്ടു.

# കൗൺസിൽ അനുമതി ഫലം കണ്ടില്ല

എട്ടുമണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് കഴിഞ്ഞ ആഗസ്തിൽ ടൗൺഹാളിൽ നടന്ന കൗൺസിൽ യോഗം പദ്ധതിയുമായി മുന്നോട്ടുനീങ്ങാൻ ഭരണസമിതിക്ക് അനുമതി നൽകിയത്. രണ്ട് വോട്ടിന്റെ പിൻബലത്തിൽ രാത്രി 10 മണിയോടെ അജണ്ട പാസാക്കാൻ കഴിഞ്ഞത് മേയറെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവിജയം കൂടിയായി.

# രക്ഷകരായി കൊച്ചി സ്മാർട്ട് സിറ്റി

നിർമ്മാണം ആരംഭിച്ച കെട്ടിടസമുച്ചയം പൂർത്തിയാക്കാൻ 39 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ഇതനുസരിച്ച് 14 കോടിയുടെ ആദ്യകരാർ 18 കോടി രൂപയായി പുതുക്കി. അവശേഷിക്കുന്ന 21 കോടി കൊച്ചി സ്മാർട്ട്സിറ്റി മിഷൻ നൽകും. ഈ കരാറിന് കൗൺസിൽ അംഗീകാരം നൽകി. സർക്കാരിന്റെ സാങ്കേതികാനുമതിയും ലഭിച്ചു. സ്മാർട്ട് സിറ്റി മിഷനാണ് രണ്ടാം ടവറിന്റെ നിർമ്മാണ ചുമതല. 47 കോടിയാണ് എസ്റ്റിമേറ്റ്. ഇതിന്റെ ടെൻഡർ നടപടികൾ നടന്നുവരുന്നു

# കളക്‌ടർ ഇടപെടണം

പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിയിൽ രാഷ്‌ട്രീയം കളിക്കുന്നതിൽ വിഷമമുണ്ട്. കൗൺസിൽ അംഗീകാരം ലഭിച്ചാലും സെക്രട്ടറി ഒപ്പിടാതെ കെട്ടിടനിർമ്മാണം പുനരാരംഭിക്കാൻ കഴിയില്ല. മേയറെന്ന നിലയിൽ നേരത്തെ ഇടപെട്ടപ്പോഴും ഫയലിൽ ഒപ്പിടില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞിരുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിൽ ഫയൽവച്ച് സെക്രട്ടറിയുടെ തെറ്റിദ്ധാരണ മാറ്റുന്നതിന് കളക്‌ടർ മുൻകൈെയടുക്കണം.

സൗമിനി ജെയിൻ

മുൻ മേയർ