ആലുവ: കൊവിഡ് വ്യാപന ഭീതിയേറിയതോടെ പലയിടത്തും സ്ഥാനാർത്ഥികൾക്കും അനുയായികൾക്കും വോട്ടർമാർ വീടുകളിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി. സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും വഴിയിൽ കാണുമ്പോൾ വോട്ട് ചെയ്തേക്കാമെന്നും വീട്ടിലേക്ക് വരേണ്ടതില്ലെന്നും തമാശ രൂപത്തിൽ പറയുന്ന സ്ഥാതിയാണ്.
വോട്ടർമാർ ചിരിച്ചുകൊണ്ടാണ് പറയുന്നതെങ്കിലും, പറയുന്നതിൽ കാര്യമുണ്ടെന്ന് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കുമറിയാം. പതിവ് പോലെ ഇക്കുറി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ ശക്തി തെളിയിക്കുന്ന പ്രകടനങ്ങളും മറ്റുമുണ്ടാകില്ല. ത്രിതല തിരഞ്ഞെടുപ്പുകളിൽ സാധാരണ അഭ്യർത്ഥന, നോട്ടീസ് സ്ളിപ്പ് വിതരണം എന്നിങ്ങനെ ഓരോ വീടുകളിൽ ചുരുങ്ങിയത് മൂന്ന് വട്ടമെങ്കിലും സ്ഥാനാർത്ഥികളും പ്രവർത്തകരുമെത്താറുണ്ട്. അവസാനഘട്ടങ്ങളിലാകുമ്പോൾ വോട്ടർമാരെ സ്വാധീനിക്കാൻ സ്ളിപ്പ് വിതരണം പോലും ഡസൻകണക്കിന് പ്രവർത്തകരുമൊത്താണ്. ഇക്കുറി ഇതൊന്നും നടക്കാത്തത് പ്രവർത്തകരുടെ ആവേശം ചോർത്തുകയാണ്. സ്ഥാനാർത്ഥിയും കൂടെ പരമാവധി മൂന്നോ നാലും പേർ മാത്രമാണ് വോട്ടഭ്യർത്ഥനക്ക് ഇറങ്ങുന്നത്.
കൊവിഡ് നിയന്ത്രണം യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നത് സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ്. മുന്നണി സ്ഥാനാർത്ഥികളും തങ്ങളുടേത് പോലെ അധികം ആളുകളില്ലാതെ പ്രചരണം നടത്തുന്നതിലാണ് അവർക്ക് സന്തോഷം. കൊവിഡ് ചട്ടം മുന്നണികൾ ലംഘിച്ചാൽ ചിത്രമെടുത്ത് റിട്ടേണിംഗ് ഓഫീസർക്കും മറ്റും പരാതി നൽകാനും ഇത്തരക്കാരിൽ നീക്കമുണ്ട്. അതേസമയം, വീടുകൾ കയറിയിറങ്ങിയുള്ള പ്രചരണത്തിൽ കുറവുണ്ടെങ്കിലും നവമാദ്ധ്യമങ്ങൾ വഴി തീ പാറുന്ന പോരാട്ടമാണ് സ്ഥാനാർത്ഥികളെല്ലാം നടത്തുന്നത്. മനസിനെ സ്വാധീനിക്കുന്ന ഗൃഹാതുരത്വമുള്ള വീഡിയോയും ചിത്രങ്ങളുമാണ് പലരും നവമാദ്ധ്യമങ്ങളിൽ പ്രചരണത്തിനായി ഉപയോഗിക്കുന്നത്.