ആലുവ: സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ മുഖ്യപങ്ക് വഹിച്ച കോൺഗ്രസ് നേതാവായ സ്ഥാനാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനായില്ല. അനുയായികൾ നവമാദ്ധ്യമങ്ങളിൽ വോട്ടഭ്യർത്ഥന ശക്തമായി നടത്തുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ടർമാരെ ഇതുവരെ നേരിൽ കാണാനായിട്ടില്ല.

ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ആലുവ നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. നേതാവ് മത്സരിക്കുന്ന വാർഡും അവസാനഘട്ടമാണ് നിശ്ചയിച്ചത്. അന്തിമ സ്ഥാനാർത്ഥിപട്ടിക വരണാധികാരി പ്രസിദ്ധീകരിച്ച ദിവസം പനിയെത്തുടർന്ന് നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേതാവുമായി സമ്പർക്കം പുലർത്തിയവർ ത്രിശങ്കുവിലാണ്. ക്വാറന്റെയിനിൽ പോയാൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ പലരും നിശബ്ദത പാലിക്കുകയാണ്. ഉൾഭയമുണ്ടെങ്കിലും ഒരാഴ്ചയായി കണ്ടിട്ടേയില്ലെന്ന നിലപാടിലാണ് പലരും. നേതാവ് മത്സരിക്കുന്ന വാർഡിലെ വോട്ടർമാരെ ഫോണിൽ ബന്ധപ്പെട്ട് വോട്ട് അഭ്യർത്ഥിക്കുന്നുണ്ട്.

നഗരത്തിൽ കൊവിഡ് വ്യാപനം ഏറിയതോടെ 2,3,4,5,6,7,13,14 വാർഡുകൾ ഭാഗികമായി കണ്ടെയ്ൻമെന്റ് സോണിലാണ്.