court-order

കൊച്ചി : കോട്ടയം ജില്ലയിലെ മൂന്നു മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടർച്ചയായുണ്ടായ ദുരൂഹ മരണങ്ങൾ ഫലപ്രദമായി അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിനു മേൽനോട്ടം വഹിക്കണമെന്നും ഒരു വർഷത്തിനുള്ളിലോ കോട്ടയം ജില്ലാ പൊലീസ് മേധാവി നിശ്ചയിക്കുന്ന സമയപരിധിയിലോ അന്വേഷണം പൂർത്തിയാക്കണമെന്നും സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

നിലവിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ച് കറുകച്ചാൽ സഞ്ജീവനി റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ഫാ. ജേക്കബ്, കുറിച്ചി സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിനുവേണ്ടി സിസ്റ്റർ ആനി മരിയ എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കഴിഞ്ഞ മാർച്ചിൽ ഇൗ കേന്ദ്രങ്ങളിലാണ് അസ്വാഭാവിക മരണങ്ങൾ ഉണ്ടായത്. അഹമ്മദാബാദിലെ മെഡിക്കൽ കമ്പനിയിൽനിന്ന് വാങ്ങിയ മരുന്നുകഴിച്ചതാണ് ഇവരുടെ മരണത്തിന് കാരണമെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ നിലവിലെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നും ആരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട് ചങ്ങനാശേരി, ചിങ്ങവനം, കറുകച്ചാൽ, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുകളിൽ പത്തുകേസുകളാണ് രജിസ്റ്റർചെയ്തത്. അന്വേഷണം നടത്തുന്ന പൊലീസ് സർക്കാർ ലാബിൽ മരുന്ന്പരിശോധനയ്ക്ക് അയച്ചില്ലെന്നും ഹർജിയിൽ പറയുന്നു. സർക്കാരിന്റെ ലാബുകളിൽ മരുന്നുകളുടെ ദൂഷ്യഫലം പരിശോധിക്കുന്നതിന് സംവിധാനമില്ലെന്നും ഉചിതമായ ലാബിൽ പരിശോധനയ്ക്ക് നൽകുമെന്നും സർക്കാർ വിശദീകരിച്ചു. തുടർന്നാണ് വിശദമായ അന്വേഷണം നടത്താനും കൃത്യമായ ഇടവേളകളിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അവലോകനം നടത്താനും ഹൈക്കോടതി ഉത്തരവിട്ടത്.