kanjave
അൻസൽ

# മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിൽ നിന്നായി 140 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. അങ്കമാലിയിൽനിന്ന് 105 കിലോയും മൂവാറ്റുപുഴ ആവോലിയിലെ വാടകവീട്ടിൽനിന്ന് 35 കിലോയും കഞ്ചാവാണ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റുചെയ്തു.
കഞ്ചാവ് കടത്തിയ തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തിൽ വീട്ടിൽ അൻസൽ (34), പെരുമ്പള്ളിച്ചിറ ചെളിക്കണ്ടത്തിൽ നിസാർ (37), അടിമാലി വെള്ളത്തൂവൽ അരീക്കൽ ചന്തു (22) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അങ്കമാലി അങ്ങാടിക്കടവ് കവലയിൽ ദേശീയപാതയിലെ ഗതാഗതം തടഞ്ഞ് കാറുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. കാറിന്റെ ഡിക്കിയിൽ 50 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രണ്ട് വാഹനങ്ങളിലായാണ് മൂന്നംഗസംഘം എത്തിയത്. ആദ്യ വാഹനത്തിൽ ചെറിയ അളവ് കഞ്ചാവേ ഉണ്ടായിന്നുള്ളൂ. രണ്ടാമത്തെ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.

kanjave
ചന്തു

kanjave
നിസാർ


മൊത്തവിതരണക്കാരായ ഇവർ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കല്ലൂർക്കാട് ആവോലിയിലെ വാടകവീട്ടിൽ നിന്നു 17 വലിയ പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. 2,300 ഗ്രാം വീതമുള്ള 17 പാക്കറ്റുകളിൽ നിറച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തൊടുപുഴയിൽ നിന്നുള്ള സംഘമാണ് വീട് വാടകയ്‌ക്കെടുത്തെന്ന് കല്ലൂർക്കാട് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൂടുതൽ പേർ പിന്നിലുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്നെത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം. കഴിഞ്ഞദിവസം പെരുമ്പാവൂരിൽ നിന്ന് 45 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കളെ പിടികൂടിയിരുന്നു.
അന്വേഷണസംഘത്തിൽ റൂറൽ ജില്ലയിലെ ഡാൻസാഫ് സ്‌ക്വാഡിനോടോപ്പം നർക്കോട്ടിക് ഡിവൈ.എസ്.പി എം.ആർ. മധുബാബു, സി.ഐമാരായ സോണി മത്തായി, പീറ്റർ കെ.ജെ, എസ്.ഐ സൂഫി ടി.എം, എ.എസ്.ഐമാരായ ഷിബു ജോസഫ്, സാജുപോൾ, ബിജു എം.വി. ജോസഫ് പി.ജെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, സലിൻകുമാർ കെ.ബി, ജിസ്‌മോൻ എം.ജി, ജിമോൻ ജോർജ്, ജെയ്‌മോൻ എം.വി. രതീശൻ, സുബി, അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.