മൂവാറ്റുപുഴ: നഗരസഭ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ രംഗത്തിറങ്ങിയ യു.ഡി.എഫിനെ വെട്ടിലാക്കി മൂവാറ്റുപുഴയിൽ വിമത പട. നഗരസഭയിലെ 28 വാർഡുകളിൽ 7 വാർഡുകളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് വിമതർ രംഗത്തെത്തിയത്. നേതൃത്വം ഇടപെട്ടതിനെ തുടർന്ന് ഒരാൾ കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. എന്നാൽ നിലവിൽ ഏഴു പേർ മത്സരംഗത്തു തുടരുകയാണ്. 8 വിമതരാണ് ആദ്യഘട്ടത്തിൽ മത്സര രംഗത്തുണ്ടായത്. പതിനഞ്ചാം വാർഡിലെ വിമത സ്ഥാനാർത്ഥി അവസാന സമയം പത്രിക പിൻവലിച്ചെങ്കിലും ബാക്കി 7 പേരും തുടരാൻ ഉറച്ച് മുന്നോട്ടുതന്നെ.. ഇതിനു പുറമെ ഘടക കക്ഷികളായ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും നേരിട്ട് 14-ാം വാർഡിൽ ഏറ്റുമുട്ടുകയാണ് .

പതിനാലാം വാർഡിൽ ജോസഫ് വിഭാഗത്തിലെ വത്സാ പൗലോസ് ചെണ്ട ചിഹ്നത്തിലും കോൺഗ്രസ് സ്ഥാനാർത്ഥി ജോയ്സ് മേരി ആന്റണി കൈപ്പത്തി ചിഹ്നത്തിലുമാണ് ഏറ്റുമുട്ടുന്നത്. പ്രീത അജിയാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. യു.ഡി.എഫിലെ കക്ഷികൾ തമ്മിൽ സൗഹൃദ മത്സരമാണ് ഇവിടെ കാഴ്ചവക്കുന്നതെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇരുപത്തൊന്നാം വാർഡിൽ കോൺഗ്രസ് സീറ്റിൽ മത്സരിക്കുന്ന ജോണി ജോർജ് മുൻ കൗൺസിലറും കേരള കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് ഇവിടെ മത്സരരംഗത്തുള്ള യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാർഥി ജിനു ആന്റണി. എട്ടാം വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി നസീമ മൂസക്ക് എതിരെ മുസ്‌ലിം ലീഗ് മുൻ കൗൺസിലർ അനിസ റഷീദാണ് മത്സര രംഗത്തുള്ളത്. ഒൻപതാം വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിക്ക് എതിരെ മുൻ മുസ്‌ലിം ലീഗ് നഗരസഭാംഗമായിരുന്ന സി.എം. ഷുക്കൂർ മൽസര രംഗത്തുണ്ട്. പത്തൊൻപതാം വാർഡിൽ മുൻ കൗൺസിലർ ബീന വിനയൻ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മൽസരിക്കുന്നുണ്ട്. ഷീജ റെജിയാണ് കോൺഗ്രസിന്റെ ഒൗദ്യോഗിക സ്ഥാനാർത്ഥി. പതിനൊന്നാം വാർഡിൽ അജി മുണ്ടാട്ടാണ് കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതനായി രംഗത്തുള്ളത്. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രമീള ഗിരീഷ് കുമാർ മത്സരിക്കുന്ന പതിമൂന്നാം വാർഡിലും കോൺഗ്രസ് നേതാവിന്റെ സഹായത്തോടെ വിമത സ്ഥാനാർത്ഥി മത്സരിക്കുന്നുണ്ട്.