kujjumol-pushkaran-paravu
കുഞ്ഞുമോൾ പുഷ്ക്കരൻ

പറവൂർ: ഇന്ത്യയിൽ ഉയർന്നുവന്ന സാമ്പത്തിക സംവരണത്തെ തുടക്കം മുതൽ ശക്തിയുക്തം എതിർത്ത സി.പി.ഐയുടെ നിലപാടു മാറ്റത്തിനെതിരെ മൂന്നു പതിറ്റാണ്ടോളം പാർട്ടിയോടൊപ്പം നിലകൊണ്ട സി.പി.ഐ വനിതാ നേതാവ് പാർട്ടിയിൽനിന്നും രാജിവെച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സി.പി.ഐ അംഗവും മഹിളാസംഘം മന്നം ലോക്കൽ സെക്രട്ടറിയുമായി കുഞ്ഞുമോൾ പുഷ്കരനാണ് പാർട്ടിയുടെ ചുവടുമാറ്റത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചത്. കള്ളക്കടത്ത്, കള്ളപ്പണം, മയക്കുമരുന്ന് കേസുകളിലെല്ലാം പാർട്ടി ന്യായീകരണ നിലപാടാണ് സ്വീകരിക്കുന്നത്. ഇതെല്ലാം പാർട്ടിയുടെ നിലപാടില്ലായ്മയാണ് വ്യക്തമാക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് രാജിവെച്ചതും സ്വതന്ത്രയായി മത്സരിക്കുന്നതെന്നും കുഞ്ഞുമോൾ പുഷ്ക്കരൻ പറഞ്ഞു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുഞ്ഞുമോൾ കോട്ടുവള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് മത്സരിക്കുന്നത്. വനിതാ ജനറൽ സീറ്റായ ഇവിടെ ഭൂരിഭാഗം വോട്ടർമാരും പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളിയായ കുഞ്ഞുമോൾക്ക് ചെറുപ്പം മുതലേ രാഷ്ട്രീയമുണ്ടെങ്കിലും ഭർത്താവിനും രണ്ട് ആൺമക്കൾക്കും രാഷ്ട്രീയത്തിൽ വലിയ താത്പര്യമില്ല. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ, എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളും അഞ്ചാം വാർഡിൽ മത്സരരംഗത്തുണ്ട്. പാർട്ടി അച്ചടക്കം ലംഘിച്ച് മത്സരിക്കുന്നതിനാൽ കുഞ്ഞുമോളെ പാർട്ടിയിൽ നിന്നും ബഹുജന സംഘടനയിൽനിന്നും സി.പി.ഐ പുറത്താക്കിയിട്ടുണ്ട്.