ആലുവ: അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നായി 140 കിലോ കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ആലുവയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യ വിവരത്തെ തുടർന്നാണ് അങ്കമാലിയിൽ നിന്നും 105 കിലോ കഞ്ചാവ് ആദ്യം പിടികൂടിയത്. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് നിരവധി കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയാണ് 35 കിലോ കഞ്ചാവ് കൂടി വീണ്ടും പിടികൂടിയത്. അന്തർ സംസ്ഥാന കഞ്ചാവ് മാഫിയയാണ് സംഘത്തിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ല. വിശദമായ അന്വേഷണത്തിനായിട്ടാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതെന്നും എസ്.പി പറഞ്ഞു.