കാലടി: സമൂഹത്തിന്റെ നന്മയ്ക്കായുള്ള മാദ്ധ്യമങ്ങളുടെ ആരോഗ്യപരമായ വിമർശനത്തെ പൊലീസ് ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. 'കേരളകൗമുദി' റിഡേഴ്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്തെ സേവനം പരിഗണിച്ച് കാലടി പൊലീസിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ വഴികാട്ടിയായി എന്നും മാദ്ധ്യമങ്ങൾ ഉണ്ടെന്നും ഇക്കാര്യത്തിൽ 'കേരളകൗമുദി' മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റ നന്മകൾ ജനങ്ങൾ തിരിച്ചറിയുന്നത് പ്രതിസന്ധികളിൽ മാത്രമാണ്. പ്രളയകാലത്തും കൊവിഡ് മഹാമാരി കാലത്തും പൊലീസിന്റെ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാദ്ധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭുവാര്യർ അദ്ധ്യക്ഷത വഹിച്ചു.

കാലടി പൊലീസ് എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐ സ്റ്റെപ്റ്റോ ജോൺ എന്നിവർക്ക് 'കേരളകൗമുദി' റീഡേഴ്സ് ക്ളബിന്റെ ഉപഹാരം ജില്ലാ പൊലീസ് മേധാവി കൈമാറി. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പ് ജില്ലാ പൊലീസ് മേധാവി പ്രകാശനം ചെയ്തു. എം.പി. ലത്തീഫും സ്റ്റെപ്റ്റോ ജോണും ആദരവിന് നന്ദി പ്രകാശിപ്പിച്ചു. കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ റോയ് ജോൺ, ടെറിട്ടറി മാനേജർ സാജു ജോൺ എന്നിവരും സംബന്ധിച്ചു. കാലടി ലേഖകൻ വി.കെ.ഷാജി സ്വാഗതവും ആലുവ ലേഖകൻ കെ.സി. സ്മിജൻ നന്ദിയും പറഞ്ഞു.