മൂവാറ്റുപുഴ: പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിൽ തന്നെ അറസ്റ്റു ചെയ്തതു രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരായ സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. കേസിൽ അഞ്ചാംപ്രതിയായ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ജാമ്യം നൽകുന്നതിനെ വിജിലൻസ് എതിർത്തു. ജാമ്യാപേക്ഷ ഇന്നു വിധി പറയാൻ മാറ്റി.
ഇബ്രാഹിംകുഞ്ഞിന്റെ വാദങ്ങൾ
മൊബിലൈസേഷൻ അഡ്വാൻസ് നൽകാനുള്ള ഫയൽ ഉദ്യോഗസ്ഥർ നോക്കിയ ശേഷമാണ് തന്റെ മുന്നിൽ വന്നത്. ഫയൽ ഉത്തമവിശ്വാസത്തോടെയാണ് അനുവദിച്ചത്. റൂൾ ഒഫ് ബിസിനസ് അനുസരിച്ചാണ് ഉത്തരവ്. കേരള റോഡ് ഫണ്ട് ബോർഡ് എട്ടുകോടി രൂപയാണ് റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് നൽകിയത്. കോർപ്പറേഷന് പലിശയിനത്തിൽ രണ്ടുശതമാനം ലാഭമുണ്ടായി. സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല. കൊച്ചി മെട്രോയുടെ പണി നടക്കുന്നതിനാലാണ് കരാറുകാരൻ അഡ്വാൻസ് ചോദിച്ചത്. സിമന്റും കമ്പിയും കടം കിട്ടാത്ത സാഹചര്യത്തിലായിരുന്നു ഇത്. പത്താം പ്രതിയായ റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ എം.ഡി. മുഹമ്മദ് ഹനീഷാണ് അഡ്വാൻസ് നൽകാൻ ശുപാർശ ചെയ്‌തത്. കരാറുകാരന്റെ അപേക്ഷ മന്ത്രി അനുവദിച്ചെന്ന വാദം തെറ്റാണ്. കൈക്കൂലി ആവശ്യപ്പെട്ടില്ല. കൈക്കൂലി വാങ്ങിയെന്ന് സമ്മതിക്കാത്തതിനാലാണ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലൻസ് പറയുന്നത്. സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.
കേസ് നിലനിൽക്കും : വിജിലൻസ്
മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചതിലൂടെ കരാറുകാരന് അന്യായമായ നേട്ടമുണ്ടായി. ടെൻഡറിൽ മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥയില്ല. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കും. ഇബ്രാഹിം കുഞ്ഞ് പത്തു കോടി രൂപയ്‌ക്ക് ആദായനികുതി വകുപ്പിൽ പിഴയൊടുക്കിയിട്ടുണ്ട്. ഫൈൻ അടച്ചതുകൊണ്ട് അഴിമതിപ്പണം അല്ലാതാകുന്നില്ല. പിഴയൊടുക്കിയ വിവരങ്ങൾ വിജിലൻസിൽ നിന്ന് മറച്ചുവച്ചു. ഒന്നാംപ്രതി സുമിത് ഗോയലിന്റെ കമ്പനിക്ക് കരാർ നൽകിയതിൽ ഗൂഢാലോചനയുണ്ട്.