mlahome
കുന്നത്തുനാട് എം.എൽ.എ, വി.പി. സജീന്ദ്രന്റെ വീട്ടുപടിക്കൽ നടന്ന ധർണയിൽ ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തുന്നു. എം.എ. വാസു, ഇ.ജി. മനോജ് തുടങ്ങിയവർ സമീപം

കൊച്ചി: പട്ടികജാതി പട്ടികവർഗ സമൂഹങ്ങൾക്കെതിരെ നടക്കുന്ന നീതിനിഷേധങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കേണ്ടത് ഈവിഭാഗത്തിലെ എം.എൽ.എമാരുടെ ഉത്തരവാദിത്തമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
പട്ടികജാതി സമൂഹത്തിനെതിരായ നീതിനിഷേധങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ സാമൂഹ്യനീതികർമ്മ സമിതിയുടെയും മഹിളാ ഐക്യവേദിയുടെയും നേതൃത്വത്തിൽനടന്ന കുന്നത്തുനാട് എം.എൽ.എ, വി.പി. സജീന്ദ്രന്റെ വീട്ടുപടിക്കൽ നടന്ന ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിജു.

പട്ടികജാതിസമൂഹത്തിനെതിരായ അതിക്രമങ്ങളിലും പീഡനങ്ങളിലും സംസ്ഥാനം അഞ്ചാം സ്ഥാനത്താണ്. വാളയാർ കേസ് അട്ടിമറിച്ചതുപോലെ അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്ന കേസും ആറന്മുള ആംബുലൻസ് പീഡന കേസും അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. കണ്ണൂരിലെ ഓട്ടോഡ്രൈവർ ചന്ദ്രലേഖക്ക് നേരെയുണ്ടായ തൊഴിൽ നഷേധവും ഭീഷണിയും ഭരണകക്ഷിയുടെ ഭാഗത്ത് നിന്നാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ധർണ കെ.പി.എം.എസ് ജില്ലാ സെക്രട്ടറി എം.എ. വാസു ഉദ്ഘാടനം ചെയ്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.വി. ശിവൻ, സെക്രട്ടറി ഇ.ജി. മനോജ്, കുടുംബി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുധീർ, സാമൂഹ്യനീതി കർമ്മസമതി ജില്ലാസംയോജകൻ പ്രകാശൻ തുണ്ടത്തുംകടവ്, മടമന ഉണ്ണികൃഷ്ണൻ, ജില്ലാ സംഘടന സെക്രട്ടറി കെ.എസ്. ശിവദാസ്, ട്രഷറർ ടി. ദിനേശ് എന്നിവർ സംസാരിച്ചു.