കൊച്ചി: സർക്കാർ പുറമ്പോക്ക് ഭൂമിയും കടമ്പ്രയാറും കൈയേറിയും നിലംനികത്തിയുമാണ് കെട്ടിടങ്ങൾ നിർമിച്ചതെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യൂറോടെക് മാരിടൈം അക്കാഡമി അറിയിച്ചു. മറൈൻ കോഴ്‌സുകൾ നൽകുന്ന അക്കാഡമി ആരംഭിക്കാൻ കിഴക്കമ്പലം പഞ്ചായത്തിലെ പുതുശേരി വാർഡിൽ 2000 ൽ വാങ്ങിയത് നികന്നുകിടന്ന സ്ഥലമാണ്. ഇത് സംബന്ധിച്ച് കിഴക്കമ്പലം കൃഷി ഓഫീസർ 2017 ഏപ്രിൽ 8ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സ്ഥലം 2008 ലെ നെൽവയൽ സംരക്ഷണനിയമം നിലവിൽ വരുന്നതിന് മുമ്പ് നികന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടിടനിർമ്മാണച്ചട്ടം ലംഘിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് 2012 ൽ മൂവാറ്റുപുഴ ആർ.ഡി.ഒയും ഇറിഗേഷൻ വിഭാഗവും സ്ഥാപനമുടമയ്ക്ക് നോട്ടീസ് നൽകിയെന്നത് കള്ളപ്രചാരണമാണെന്ന് യൂറോടെക് മാരിടൈം അക്കാഡമി വാർത്താക്കുറിപ്പിൽ അറിയിച്ചു. 2019 ഡിസംബറിൽ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യു രേഖകളിലുണ്ടായ തെറ്റുതിരുത്തി സർക്കാർ നൽകിയിട്ടുണ്ട്.

അക്കാഡമിയിലെ മലിനജലം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നതായുള്ള ആരോപണവും വസ്തുതയ്ക്ക് നിരക്കുന്നതല്ല. സമാനമായ പരാതികൾ മുമ്പും നിരവധിതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ ഏജൻസികൾ നടത്തിയ അന്വേഷണങ്ങളിൽ യാതൊരുവിധ ലംഘനങ്ങളും കണ്ടെത്തിയിട്ടില്ലെന്നും അക്കാഡമി അറിയിച്ചു.