കൊച്ചി: തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ മെട്രോ റെയിൽ നിർമ്മാണത്തിന് ഏറ്റെടുത്ത സ്ഥലം ഡിസംബർ 15ന് മുമ്പ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ) കൈമാറും. കെ.എം.ആർ.എൽ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഭൂമി കൈമാറാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശം നൽകിയത്.
എസ്.എൻ. ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറവരെ സ്ഥലമേറ്റെടുക്കൽ നടപടികളുടെ ഭാഗമായ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ഏജൻസിയെ നിർണയിക്കുന്നതിനുള്ള റിപ്പോർട്ട് കഴിഞ്ഞ 25ന് സർക്കാരിന് സമർപ്പിച്ചു. സ്റ്റേഡിയം മുതൽ കാക്കനാടുവരെ സ്ഥലം ഏറ്റെടുക്കുന്നതിൽ കാക്കനാട് വില്ലേജിൽ ഉൾപ്പെടുന്ന സ്ഥലം ഡിസംബർ 25ന് മുമ്പായി കെ.എം.ആർ.എല്ലിന് കൈമാറും.
ജലമെട്രോ പദ്ധതിയുടെ ഭാഗമായ സ്ഥലമേറ്റെടുക്കൽ നടപടികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. 22 ബോട്ട് ജെട്ടികൾക്കുള്ള ഭൂമിയാണ് ഏറ്റെടുത്ത് നൽകേണ്ടത്. 14 എണ്ണത്തിന്റെ പ്രാഥമിക വിജ്ഞാപനം അംഗീകരിച്ചു. ജലമെട്രോയ്ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ ഫോം നമ്പർ 19ലുള്ള വിജ്ഞാപനവും ഡിസംബർ 30ന് മുമ്പായി പുറപ്പെടുവിക്കും.
മെട്രോ ഡെപ്യൂട്ടി കളക്ടർ അമൃതവല്ലി, തഹസിൽദാർമാർമാരായ പി. സിന്ധു, മുസ്തഫ കമാൽ, കെ.എം.ആർ.എൽ പ്രോജക്ട്‌സ് ജനറൽ മാനേജർ വിനു സി. കോശി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.