മൂവാറ്റുപുഴ: എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500രൂപ ധനസഹായം നൽകുക, എല്ലാവർക്കും മാസന്തോറും 10കിലോ ഭക്ഷധാന്യം നൽകുക, തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 200 ആക്കി വർദ്ധിപ്പിക്കുക, കർഷക ദ്രോഹ നിയങ്ങൾ പിൻവലിക്കുക, സ്വകാര്യ വത്ക്കരണം അവസാനിപ്പിക്കുക, സർക്കാർ ജീവനക്കാരുടെ നിർബ്ബന്ധിത വിരമിക്കലിന് വഴിയൊരുക്കുന്ന സർക്കലർ പിൻവലിക്കുക, പഴയ പെൻഷൻ സംവിധാനം പുനസ്ഥാപിക്കുക , പൊതു വിതരണം ശക്തിപ്പെടുത്തുക, കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലും പൂർണം. മൂവാറ്റുപുഴ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങളുൾപ്പടെ ഒരു വാഹനങ്ങളും നിരത്തിൽ ഓടിയില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിയതിനാൽ സർവീസ് നടത്താനായില്ല. അദ്ധ്യാപകരും, സർക്കാർ ജീവനക്കാരും പണിമുടക്കിയതിനാൽ ഓഫീസുകളും സ്കൂളുകളും പ്രവർത്തിച്ചില്ല.ബി.എം.എസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിനുകളും , അദ്ധ്യാപക-സർവീസ് സംഘടനകളും , കർഷക തൊഴിലാളികളും, കർഷകരും പണിമുടക്കിൽ അണിനിരന്നു. പായിപ്ര, വാളകം, മാറാടി, ആരക്കുഴ, ആവോലി, മഞ്ഞളളൂർ, കല്ലൂർക്കാട്, ആയവന എന്നീ പഞ്ചായത്തുകളിലും പണിമുക്ക് പൂർണമായിരുന്നു. സ്വകാര്യ വാഹനങ്ങളുൾപ്പടെ ഓടിയില്ല. കർഷക തൊഴിലാളികളും, തൊഴിലുറപ്പ് തൊഴിലാളികളും കർഷകരും പണിമുടക്കിൽ അണിനിരന്നു. ഗ്രാമീണമേഖലയിൽ പണിമുടക്ക് ഹർത്താലിന്റെ രൂപത്തിലേക്ക് മാറിയിരുന്നു.