കളമശേരി: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്കിൽ ഏലൂർ വ്യവസായ മേഖലയിൽ ഹാജർനില കുറഞ്ഞില്ല. പ്രധാനപ്പെട്ട മൂന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ഒരു സംസ്ഥാന പൊതുമേഖലയുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
രണ്ടായിരത്തോളം ജീവനക്കാരുള്ള ഫാക്ടിൽ 96 ശതമാനമാണ് ഹാജർനില . കേന്ദ്രവ്യവസായ സുരക്ഷാസേനയെ പ്രധാന കവാടങ്ങളിൽ വിന്യസിച്ചിരുന്നു. പൊലീസ് പട്രോളിംഗും ശക്തമായിരുന്നു. പ്രധാന യൂണിയൻ പണിമുടക്കുനോട്ടീസ് കൊടുത്തിരുന്നു. ഫാക്ടിൽ 8 തൊഴിലാളി യൂണിയനുകളാണുള്ളത്. പണിമുടക്കിൽ ബി.എം.എസ് പങ്കെടുക്കുന്നില്ല.
ഇന്ത്യൻ റെയർ എർത്ത്സിൽ ആകെയുള്ള 168 ജീവനക്കാരിൽ 70 സ്ഥിരം ജീവനക്കാരുൾപ്പെടെ 90പേർ ജോലിക്കുകയറി. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡസ് ലിമിറ്റഡിൽ പകൽ ല്ലിഫ്റ്റിൽ 128 പേർ വരേണ്ട സ്ഥാനത്ത് 63 പേർ ജോലിക്ക് കയറി. ടി.സി.സിയിൽ 450 സ്ഥിരം ജീവനക്കാരിൽ 55 ശതമാനത്തോളം പേർ ഹാജരായി.