election-stroy-palathurut
കോട്ടയിൽകോവിലകത്ത് കളിസ്ഥലത്തിനായി യുവാക്കൾ സ്ഥാപിച്ച ബോർഡ്.

പറവൂർ: ഈ കളി നിസാരകളിയല്ല, രണ്ടു വാർഡുകളിൽ ആരു ജയിക്കണമെന്നുള്ള ഫൈനൽ മത്സരമാണ്. കളിക്കാർ ഫുട്ബാൾ താരങ്ങളാണെങ്കിലും ഇവരുടെ ഇപ്പോഴത്തെ കളി കളിസ്ഥലത്തിനു വേണ്ടിയാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടയിൽകോവിലകം, പാലാതുരുത്ത് വാർഡിലെ അമ്പതോളം യുവാക്കൾ കളിസ്ഥലത്തിനു വേണ്ടി തിരഞ്ഞെടുപ്പു വേളയിൽ പുതിയൊരു ആശയവുമായി മുന്നോട്ടുവന്നിട്ടുള്ളത്.

വോട്ട് വേണോ, എങ്കിൽ ഞങ്ങൾക്ക് കളിക്കാൻ കളിസ്ഥലം വേണം. പറ്രുമോ നിങ്ങൾക്ക്, ഞങ്ങൾക്ക് രാഷ്ടീയമില്ല, ആര് ഞങ്ങൾക്ക് കളിക്കാൻ സ്ഥലം ഒരുക്കിത്തരുന്നുവോ, ഞങ്ങൾ അവരുടെ കൂടെനിൽക്കും. ഇതാണ് ഇവർ കവലകളിൽ സ്ഥാപിച്ചിള്ള ഫ്ളക്സ് ബോർഡിലൂടെ രാഷ്ടീയപാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും നൽകിയിട്ടുള്ള മുന്നറിയിപ്പ്. വോട്ടുള്ള എല്ലാ കായികതാരങ്ങളുടേയും പേര് ഫ്ളക്സിലുണ്ട്. കൂടാതെ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന വോട്ടർമാരല്ലാത്ത വരുംതലമുറയിൽപ്പെട്ടവരുടേയും പേരുകളും ഫ്ളക്സിൽ എഴുതിയിട്ടുണ്ട്.

ചേന്ദമംഗലം പഞ്ചായത്തിൽ ആകെയുള്ള കളിസ്ഥലം പാലിയം സ്കൂൾ ഗ്രൗണ്ടാണ്. പഞ്ചായത്തിലെ എല്ലാവർക്കും അവിടെ കളിക്കാനാവില്ല. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലാണ് ഇവർ ഇപ്പോൾ കളിക്കുന്നത്. ഒാരോവർഷവും ഒന്നു രണ്ടും കളിസ്ഥലങ്ങൾ മാറേണ്ട സ്ഥിതിയാണിപ്പോൾ. കളിസ്ഥലം ഒരുക്കി എല്ലാം ശരിയായിവരുമ്പോൾ ഇവിടെ ആരെങ്കിലും കൃഷിക്കായി വരും. അതോടെ അടുത്ത സ്ഥലം തേടിപ്പോകുകയാണ്. ചുരങ്ങിയത് ഇരുപത് സെന്റ് സ്ഥലമാണ് ഇവരുടെ ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിലകൊടുത്ത് വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ പാട്ടത്തിനെടുത്തു നൽകിയാൽ മതിയെന്നും യുവാക്കളുടെ ആവശ്യത്തിന് മുന്നിൽ നിൽക്കുന്ന മുഹമ്മദ് റഫീക്ക് പറഞ്ഞു.

പുതിയ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ പോകാനുള്ള ഏകമാർഗം ചെറുപ്പം മുതൽ കായിക രംഗത്തേയ്ക്ക് കൊണ്ടുവരികയെന്നതാണ്. ഓരോ നാട്ടിൻപുറങ്ങളിലും ഇതിനുള്ള സൗകര്യം ഉണ്ടാകണം. യുവാക്കളുടെ ആവശ്യത്തിന് ഇവർമാത്രമല്ല ഓരോ കായികതാരങ്ങളുടെയും കുടുംബത്തിന്റേയും പിന്തുണയുണ്ട്. ഇതിനു പുറമേ കായിക പ്രേമികളായ നിരവധി നാട്ടുകാരും ഇവരോടൊപ്പമുണ്ട്.