കളമശേരി: നാദിർഷ സംവിധാനം ചെയ്ത് മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മേരാ നാം ഷാജി. ഷാജി എന്നു പേരുള്ള മൂന്നു കഥാപത്രങ്ങളുള്ള സിനിമ. ഷാജിമാർക്ക് പ്രത്യേക ഇമേജുണ്ടാക്കിയ ചിത്രം. കളമശേരി മണ്ഡലത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നതും മൂന്നു ഷാജമാരാണ്. ഒന്ന് മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ. രണ്ടാമൻ ഏലൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എസ്.ഷാജി. മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.ടി.ഷാജിയാണ് മൂന്നാത്തെയാൾ. ദേവസ്വം പാടം (26) വാർഡിലെ സ്ഥാനാർത്ഥിയാണ് എസ്.ഷാജി. ആദ്യ തിരഞ്ഞെടുപ്പിൽ തോറ്റത് ഒറ്റ വോട്ടിന്. രണ്ടാം വട്ടം ഏലൂരിൽ നിന്ന് ജനപ്രതിനിധിയായി. മൂന്നാം അങ്കത്തിലും വിജയക്കൊടിപ്പാറിക്കുകയാണ് ലക്ഷ്യം. എസ്.ഷാജിയുടെ വിജയത്തിനായി മറ്റ് ഷാജിമാരും സജീവ പ്രവർത്തനത്തിൽ തന്നെ.