sanal-kumar

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരന്റെ പിതൃസഹോദരീ പുത്രിയായ സന്ധ്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്തെന്നും കൊവിഡ് രോഗബാധയെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിനു കാരണമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മരണത്തിൽ ദുരൂഹത ഉണ്ടെന്നും അവയവ മാഫിയയുടെ ഇടപെടലുണ്ടായെന്ന് ആരോപിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും സനൽകുമാർ ശശിധരൻ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചതനുസരിച്ച് റീ പോസ്റ്റ്മോർട്ടം നടത്തിയ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതിനു കോടതി അനുമതി നൽകി. ഹർജി ഡിസംബർ നാലിനു വീണ്ടും പരിഗണിക്കാൻ മാറ്റി. കുട്ടിക്കാലം മുതൽ ഹൃദയത്തിനും വൃക്കയ്ക്കും തകരാറുള്ള സന്ധ്യ കഴിഞ്ഞ വർഷം കരൾ ദാനം ചെയ്തെന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഈ ശസ്ത്രക്രിയ അവയവ മാഫിയയുടെ ഇടപെടലിനെത്തുടർന്നാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. കൊവിഡ് ബാധിച്ചിരുന്നെങ്കിലും അസുഖം ഭേദമായശേഷം കുഴഞ്ഞു വീണു മരിച്ചത് അവയവദാനത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾകൊണ്ടാണെന്ന് സനൽകുമാർ ശശിധരൻ ആരോപിച്ചിരുന്നു.