കൊമ്പനാട്: വിവാഹ ആർഭാടമൊഴിവാക്കി ഇ.എം.എസ് സ്മാരക കനിവ് ജീവകാരുണ്യ സംഘത്തിന് ഒരു ലക്ഷം രൂപ കൈമാറി സമൂഹത്തിന് മാതൃകയായി നവ ദമ്പതികൾ. സി.പി.എം ആദ്യകാല നേതാവ് എൻ.ആർ രാമകൃഷ്ണന്റെ ചെറുമകളും കൊമ്പനാട് നിരവത്തുപറമ്പിൽ ഫെഡറൽ ബാങ്ക് സീനിയർ മാനേജറായ എൻ.ഷിബുകുമാറിന്റെയും, കുറുപ്പംപടി ഡയറ്റിലെ മുൻ ഫാക്കൽറ്റി എം.എൻ. ജയയുടെയും മകളായ ദിവ്യ എസ്. ലക്ഷ്മിയുടെ വിവാഹ ദിനത്തിലാണ് തുക കൈമാറിയത്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ചടങ്ങുകൾ നടത്തിയത്. വരുന്ന 30 ന് എൻ.ആറിന്റെ മുപ്പതാം ചരമ വാർഷീകമാണ് അതിന് മുന്നോടിയായി എസ്.ബി.ഐ ജീവനക്കാരിയായ ചെറുമകളാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കൊവിഡ് നാളുകൾക്ക് മുമ്പെ തീരുമാനിച്ചതായിരുന്നു വിവാഹം. കൊവിഡിനിടയിൽ ചടങ്ങുകൾ കുറച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വരൻ പറവൂർ മാങ്ങാട്ട് സിദ്ധാർത്തും വധുവും ചേർന്ന് ചടങ്ങിനെത്തിയ മുൻ എം.എൽ.എ സാജുപോൾ, ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ എന്നിവർക്ക് തുകയുടെ ചെക്ക് കൈമാറി. കോതമംഗലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സി.പി.എം മുൻ ഏരിയ കമ്മിറ്റിയംഗം എൻ.രഞ്ജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മേഖലയിലെ രണ്ട് അഗതി മന്ദിരങ്ങളിൽ വിഭവ സമൃദ്ധമായ സദ്യയും ഇതോടൊപ്പം നല്കി.