കോലഞ്ചേരി: സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ ഇന്നലെ പൊതു പണിമുടക്ക് ദിവസത്തിലും സ്ഥാനാർത്ഥികൾ കൂട്ടയോട്ടത്തിലായിരുന്നു. ജില്ല, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ സംഘം ചേർന്നാണ് വീടുകൾ കയറിയിറങ്ങിയത്.മൂന്നു മുന്നണികൾക്കുമൊപ്പം സ്വതന്ത്റരും വിമതരും ചെറിയ പാർട്ടികളും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മേഖലയിലെ കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട്, വെങ്ങോല പഞ്ചായത്തുകളിൽ ട്വന്റി20 കൂടി മത്സര രംഗത്ത് വന്നതോടെ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങിയത്. കൊവിഡിനിടയിലും പരമാവധിപേരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുകയെന്ന തന്ത്റംതന്നെയാണ് എല്ലാവരും സ്വീകരിക്കുന്നത്.

സാമൂഹികമാദ്ധ്യമങ്ങളിലൂടെയും ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്നത്രയും നല്ലൊരു പ്രചാരണമില്ലെന്ന് സ്ഥാനാർത്ഥികൾ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഗൃഹസന്ദർശനം. നേരിട്ടുകാണാൻ സാധിക്കാത്തവരെ ഫോണിൽ വിളിച്ചെങ്കിലും വോട്ടുറപ്പിക്കാനും സ്ഥാനാർത്ഥികൾ ശ്രമിക്കുന്നുണ്ട്. ഇനി എൽ.ഡി.എഫ് കുടുംബയോഗങ്ങൾക്കാണ് മുൻഗണന നല്കുന്നത്. സ്ഥാനാർത്ഥിസംഗമങ്ങളിലാണ് യു.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി തുടങ്ങിയവർ 4, 6 തീയതികളിൽ മണ്ഡലത്തിലെത്തുന്നുണ്ട്.എൻ.ഡി.എ യുടെ സ്ഥാനാർത്ഥി സംഗമങ്ങളും കൺവെൻഷനുകളും പുരോഗമിക്കുകയാണ്. കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കൾ അടുത്തദിവസങ്ങളിലെത്തും. ബൂത്തുതലംവരെ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.ആർ.കൃഷ്ണകുമാർ പറഞ്ഞു.