ആലുവ: ആലുവ നഗരസഭയിലെ പതിനൊന്നാം വാർഡ് പൊതുവേ ഇടതുപക്ഷമനസുള്ള മണ്ണാണ്. കോൺഗ്രസിന് നഗരസഭയിൽ മൃഗീയഭൂരിപക്ഷമുള്ളപ്പോഴും ഇവിടെ ഇടതുപക്ഷം ജയിക്കും. എന്നാൽ കഴിഞ്ഞതവണ ഇവിടെ ഒരുവോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് അട്ടിമറി വിജയംനേടി.
ആവിജയം നിലനിർത്താൻ കോൺഗ്രസും നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും ശ്രമിക്കുമ്പോൾ സിറ്റിംഗ് കൗൺസിലറുടെ ഭർത്താവിന്റെ വിമതസാന്നിദ്ധ്യവും എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രവർത്തനവുമെല്ലാം ഫലം പ്രവചനാതീതമാക്കുകയാണ്. യഥാർത്ഥത്തിൽ വാർഡിൽ ഇക്കുറി തീപാറുന്ന പോരാട്ടമാണ്.
എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി എം.എൻ. സത്യദേവനെയാണ് സീറ്റ് തിരിച്ചുപിടിക്കാൻ സി.പി.എം നിയോഗിച്ചിട്ടുള്ളത്. ആലുവ നഗരസഭയിൽ ലൈബ്രേറിയനായി ഔദ്യോഗിക ജീവിതമാരംഭിച്ച സത്യദേവൻ പിന്നീട് ഇതേനഗരസഭയുടെ കമ്മീഷണറുമായി. ജി.സി.ഡി.എ സെക്രട്ടറിയായും പ്രവർത്തിച്ചു. റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹിയായിരിക്കെയാണ് ആദ്യമായി നഗരസഭയിലേക്ക് മത്സരിക്കാനുള്ള നിയോഗമെത്തിയത്. നഗരസഭയിലേക്ക് മത്സരിക്കുന്ന 81 സ്ഥാനാർത്ഥികളിലെ കാരണവരാണ് സത്യദേവൻ.
യൂത്ത് കോൺഗ്രസ് മുൻ നേതാവും ആലുവ കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ടി.എസ്. സാനുവാണ് കോൺഗ്രസ് സ്ഥാനാർത്ഥി. വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തനമാരംഭിച്ചത്. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയൻ മുൻ പ്രസിഡന്റുമായിരുന്നു. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിറ്റിംഗ് കൗൺസിലറുടെ ഭർത്താവ് സുധീഷ് കാട്ടുങ്ങൽ വിമതനായി പത്രിക നൽകിയിട്ടുണ്ട്. സുധീഷിനെ പിന്തുണച്ച കോൺഗ്രസ് ബൂത്ത് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ മണ്ഡലം കമ്മിറ്റി ചുമതലപ്പെടുത്തി.
ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായ പ്രീത രവിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. നഗരത്തിലെ ബി.ജെ.പിയുടെ വനിതാമുഖം. ജനറൽ വാർഡിൽ മത്സരിക്കുന്ന എൻ.ഡി.എയുടെ ഏക വനിതാ സ്ഥാനാർത്ഥി. കഴിഞ്ഞതവണയും എൻ.ഡി.എക്കായി ഇതേവാർഡിൽ പോരാട്ടത്തിനിറങ്ങി. ജയിച്ച സ്ഥാനാർത്ഥിയുമായുണ്ടായത് കേവലം 60 വോട്ടിന്റെ വ്യത്യാസംമാത്രം. അതിനാൽ മൂന്ന് മുന്നണികളും വിമതനുമെല്ലാം ഒരേപോലെ വിജയപ്രതീക്ഷ പുലർത്തുകയാണിവിടെ. മാദ്ധ്യമപ്രവർത്തകൻ ബോബൻ ബി. കിഴക്കേത്തറയും ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.