വൈപ്പിൻ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് വൈപ്പിൻ മേഖലയിൽ ഹർത്താലായി മാറി. തിരക്കേറിയ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയിൽ ഇരുചക്രവാഹനങ്ങളും ചുരുക്കം കാറുകളുമൊഴികെ മറ്റുവാഹനങ്ങളൊന്നും ഓടിയില്ല. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
രാവിലെ വിവിധ സ്ഥലങ്ങളിൽ വിശദീകരണയോഗങ്ങൾ നടന്നു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എൻ.എൽ.ഒ സംഘടനകളെ പ്രതിനിധീകരിച്ച് എസ്. ശർമ്മ എം.എൽ.എ, വി.വി. പുഷ്‌കരൻ, ഇ.സി. ശിവദാസ്, ജി.ബി. ഭട്ട്, പി.ബി. സജീവൻ തുടങ്ങിയവർ സംസാരിച്ചു. നായരമ്പലത്ത് പണിമുടക്കിനെ പിന്തുണച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി നിൽപ്പ് സമരം നടത്തി.