ആലുവ: എൽ.ഡി.എഫിന് അനുകൂലമല്ലാത്ത വോട്ടുകൾ ആശാ വർക്കർമാർ, കുടുംബശ്രീ, ഹെൽത്ത് സൂപ്പർവൈസർമാർ (കൊവിഡ് മഹാമാരിയെ നേരിടാൻ സൃഷ്ടിച്ച പ്രത്യേകവിഭാഗം) എന്നിവരെ ഉപയോഗപ്പെടുത്തി അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി എൻ.ഡി.എ സംസ്ഥാന കമ്മിറ്റിഅംഗവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് ആരോപിച്ചു.

വോട്ടറന്മാരെ ക്വാറന്റെയിനിലാക്കി തപാൽ വോട്ടാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാനുള്ള കുതന്ത്രമാണ് അണിയറയിൽ നടക്കുന്നത്. ഇത്തരം തപാൽവോട്ടുകൾ പോസ്റ്റോഫീസിൽ നിന്നോ മെസഞ്ചറിൽ നിന്നോ ശേഖരിക്കും. ഒരു ബൂത്തിൽ ഒന്നുമുതൽ 100 വരെ വോട്ടുകൾ ഇത്തരത്തിൽ സംഘടിപ്പിക്കാനാണ് നീക്കം. കൊവിഡ് മുക്തമായവരുടെയും നിലവിലുള്ളവരുടെയും വോട്ടുകൾ പൊലീസ് സഹായത്തോടെയാണ് പോസ്റ്റൽ ആക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.