കൊച്ചി: പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത് സംയുക്ത പണിമുടക്ക് കൊച്ചിയിൽ ഹർത്താൽ പ്രതീതി ജനിപ്പിച്ചു.
വിൽപനയ്ക്ക് വെച്ച കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ പരസ്പരം ബന്ധപ്പെടുത്തി തൊഴിലാളികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലാളി ചങ്ങല തീർത്തു. 20 കേന്ദ്രങ്ങളിലായി കൊടികളും ബാനറുകളും പ്ലക്കാർഡുകളും പിടിച്ച് നടത്തിയ ചങ്ങലയിൽ പതിനായിരക്കണക്കിന് തൊഴിലാളികൾ കണ്ണികളായി.
ബി.പി.സി.എൽ. - എച്ച്.ഒ.സി മുതൽ എഫ്.എ.സി.ടി. വരെയും, എച്ച്.എം.ടി. മുതൽ അപ്പോളോ ടയേഴ്‌സ് വരെയും, ഐ.ആർ.ഇ മുതൽ എഫ്.എ.സി.റ്റി.- ടി.സി.സി. വരെയും നേവൽ ബേസിനും ഷിപ്പ്‌യാർഡിനുമുന്നിലും വ്യാപാര കേന്ദ്രമായ കച്ചേരിപ്പടി മുതൽ മേനക വരെയും തൊഴിലാളികൾ അണിനിരന്നു.
വ്യാപാര- വാണിജ്യ കേന്ദ്രമായ എറണാകുളം പട്ടണവും, മാർക്കറ്റും ഉൾപ്പെടെ മുഴുവൻ വ്യാപാര വ്യവസായ സ്ഥാപനങ്ങളും പണിമുടക്കിന്റെ ഭാഗമായി അടഞ്ഞുകിടന്നു. പൊതുവാഹനങ്ങൾ നിരത്തിലിറക്കിയില്ല. ഏതാനും സ്വകാര്യവാഹനങ്ങൾ മാത്രമാണ് ഓടിയത്. തുറമുഖം 100 ശതമാനം സ്തംഭിച്ചു. ബോട്ട് സർവീസുകൾ നടന്നില്ല. കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളായ ബി.പി.സി.എൽ., എഫ്.എ.സി.റ്റി., എച്ച്.ഒ.സി., ഐ.ആർ.ഇ., എച്ച്.എം.ടി., ഷിപ്പ്‌യാർഡ് എന്നിവിടങ്ങളിലും എസൻഷ്യൽ സർവീസ് ഒഴികെ പണിമുടക്ക് പൂർണമായിരുന്നു.
സംസ്ഥാന പൊതുമേഖല - ടെൽക്ക്, ടി.സി.സി., ട്രാക്കൊ, കെൽ, കിൻകൊ തുടങ്ങിയ സ്ഥാപനങ്ങളിലും ജില്ലയിലെ പരമ്പരാഗത മേഖലയിലും പണിമുടക്ക് പൂർണമായിരുന്നു. കയറ്റിറക്ക് തൊഴിലാളികൾ പണിമുടക്കയിത് മൂലം മാർക്കറ്റുകളും ഗോഡൗണുകളും അടഞ്ഞു കിടന്നു.
കൺസ്ട്രക്ഷൻ, കയറ്റിറക്ക്, മോട്ടോർ തുടങ്ങിയ മേഖലകളിൽ ബിഎംഎസ് തൊഴിലാളികളും ജോലിക്കെത്തിയില്ല.
സമാധാനപരമായി പണിമുടക്ക് വിജയിപ്പിച്ച തൊഴിലാളികളെ സംയുക്ത സമരസമിതിക്കു വേണ്ടി ചെയർമാൻ കെ.കെ.ഇബ്രാഹിംകുട്ടിയും ജനറൽ കൺവീനർ സി.കെ.മണിശങ്കറും അഭിനന്ദിച്ചു.