ഉദയംപേരൂർ പഞ്ചായത്തിലെ സ്വതന്ത്രസ്ഥാനാർത്ഥയുടെ വിജയകഥ
കൊച്ചി: ഏത് വാർഡിൽ മത്സരിച്ചാലും അത് പിടിച്ചെടുക്കുന്ന ഉദയംപേരൂർ പഞ്ചായത്തിലെ സ്വതന്ത്രൻ എം.കെ.അനിൽകുമാർ ഇക്കുറി 19ാം വാർഡിൽ വിജയത്തിലേക്കുള്ള നാലാമങ്കത്തിലാണ്. ഗ്യാസ് സ്റ്റൗവാണ് ചിഹ്നം. കഴിഞ്ഞ തവണ രണ്ടാം വാർഡിലും 2010ൽ 19ലും 2005ൽ രണ്ടാം വാർഡിലും വിജയിച്ച ഈ സ്ഥാനാർത്ഥി നിസാരക്കാരനല്ല.
വോട്ടർമാരുടെ പ്രിയങ്കരൻ നിസ്വനായ പൊതുപ്രവർത്തകനാണ്. സ്വന്തമായുള്ളത് ഭാര്യയുടേയും കൂട്ടി അഞ്ചര സെന്റ് സ്ഥലം. ബാങ്ക് ബാലൻസ് 478 രൂപ. വാടകവീടുകൾ മാറി മാറിയാണ് ജീവിതം. ഭാര്യ തൃപ്പൂണിത്തുറയിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരി. രണ്ടും മക്കളും വിദ്യാർത്ഥികൾ. പഴയൊരു സൈക്കിളാണ് വാഹനം. സ്മാർട്ട് ഫോൺ ഇല്ല. പക്ഷേ വോട്ടർമാർക്ക് മുന്നിൽ ഇത്രത്തോളം സ്മാർട്ടായ മറ്റൊരു സ്ഥാനാർത്ഥിയും ഇല്ല.
ഓരോ വീടും വോട്ടറും അനിലിനെ അറിയും. തിരിച്ചും. പോരാട്ടം തന്നെയാണ് ജീവിതം. അരിഷ്ടിച്ചാണ് മുന്നോട്ടുപോകുന്നതെങ്കിലും ആരുടെയും മുന്നിൽ കൈനീട്ടാൻ ഈ സ്വതന്ത്രനില്ല. പ്രചാരണത്തിന് പോലും പിരിവില്ല. ഒത്തുതീർപ്പ് രാഷ്ട്രീയങ്ങളുടെ ഭാഗമായിട്ടില്ല ഇതുവരെ. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സൗജന്യമായ സേവനപദ്ധതികളുമായി അനിൽ വാർഡിൽ നിറഞ്ഞുനിൽക്കും.
ഉദയംപേരൂരിലെ പോലെ രാഷ്ട്രീയ പ്രബുദ്ധമായ പഞ്ചായത്തിൽ സി.പി.എമ്മിന്റെയും കോൺഗ്രസിലെയും കണ്ണിലെ കരടാണ് അനിൽകുമാർ. പക്ഷേ മൂന്നുവട്ടം തുടർച്ചയായി വൻഭൂരിപക്ഷത്തിൽ ജയിച്ച അനിലിനെ പിടിച്ചുകെട്ടാൻ മൂന്നുമുന്നണികളും പലതന്ത്രങ്ങളും പയറ്റി നോക്കി തോറ്റു. ഇക്കുറി പുതിയ വാർഡിലും അനിലിന് ഒരു അപരനുണ്ട്. കഴിഞ്ഞ തവണ രണ്ടാം വാർഡിൽ രണ്ട് അപരന്മാരുണ്ടായിരുന്നു. പക്ഷേ അതിനെയൊന്നും നമ്മുടെ സ്ഥാനാർത്ഥി ഭയപ്പെടുന്നില്ല. വോട്ടർമാർക്ക് തന്നെ നന്നായി അറിയാമെന്നും ഇത്തരം തരംതാണ വിദ്യകളൊന്നും അവിടെ ഏൽക്കില്ലെന്നും അനിൽ ആത്മവിശ്വാസത്തോടെ പറയുന്നു.