കോലഞ്ചേരി: സ്ഥാനാർത്ഥികൾ, മുന്നണി സ്വതന്ത്രനാകട്ടെ, സ്വതന്ത്രനാകട്ടെ ഒട്ടു മിക്കവർക്കും ചിഹ്നത്തിൽ കുടയോടാണ് പിടി. എന്തു കൊണ്ടാണ് കുടയോടിത്ര സ്നേഹം എന്നു ചോദിച്ചാൽ ഓർത്തിരിക്കാനും, വരയ്ക്കാനും, പറയാനുമെളുപ്പം, ചിഹ്നം കൈയ്യിലും കരുതാം എന്നു മാത്രമാണുത്തരം. അല്പം കൂടി കടന്നു ചിന്തിക്കുന്നവർ പറയും ചുട്ടുപൊള്ളുന്ന വേനലിൽ ഇത്തിരി തണൽ നൽകി നമുക്ക് സാന്ത്വനം നൽകുന്ന കുട, മഴക്കാലത്ത് നമ്മെ നനയാതെ കാത്തു സംരക്ഷിച്ചു പോരുന്ന കുട. ജീവിതത്തിൽ ഒരിക്കലെങ്കിലും കുടയെ ആശ്രയിക്കാത്തവർ നമുക്കിടയിൽ ആരുമില്ല അതു കൊണ്ട് തന്നെ ജന മനസിൽ പെട്ടെന്ന് പതിയുമത്രെ. കുട ചെയ്ത സഹായങ്ങൾ മറക്കാത്തവരും കുടയെ മറക്കില്ലത്രെ. കടം മേടിച്ചയാളെ അവിചാരിതമായി വഴിയിലെങ്ങാനും കണ്ടാൽ കുട തുറന്ന് മുഖം അതിലൊളിപ്പിച്ച് രക്ഷപ്പെടാം. നഗരത്തിലൂടെ നടക്കുമ്പോൾ കൂടെയുള്ള മക്കളോ കൊച്ചുമക്കളോ സിനിമാ പോസ്റ്ററിലെ അശ്ലീല ചിത്രങ്ങൾ കാണാതിരിക്കാൻ കുട തുറന്നു പിടിക്കാം. കുരച്ചു ചാടി നമ്മുടെ നേർക്കു പാഞ്ഞു വരുന്ന പട്ടിയെ മടക്കിപ്പിടിച്ച കുടകൊണ്ട് വീശി പേടിപ്പിച്ചു നിർത്താം. വെള്ളക്കെട്ടിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ തെറിപ്പിക്കുന്ന ചെളിവെള്ളം ദേഹത്ത് കൊള്ളാതിരിക്കാനും കുട തന്നെ ശരണം. പിന്നെ, വയസുകാലത്ത് നടക്കുമ്പോൾ ഊന്നുവടിയായും കുടയെ ഉപയോഗിക്കാം.ഇങ്ങനെ പലതരത്തിലും ഉപകാരിയായ കുടയോട് നമുക്കുള്ള മനോഭാവം തന്നെയാണ് സ്ഥാനാർത്ഥികൾക്ക് കുടയോടുള്ള പിടിക്കു പിന്നിൽ. ഒടുവിൽ വന്ന് വന്ന് സ്ഥാനാർത്ഥികളുടെ വരവ് കൂടുമ്പോൾ, ചിലരെങ്കിലും വീട്ടിലിരുന്ന് പറയും ഓ...കാലൻ, കുടയുമായി വരുന്നുണ്ട്.
കുടക്കാർ 38 പേർ
കുന്നത്തുനാട് മേഖലയിലെ ഏഴു പഞ്ചായത്തുകളിലായി കുടക്കാർ 38 പേരുണ്ട്. കുന്നത്തുനാട്ടിൽ 2, കിഴക്കമ്പലത്ത് 10, ഐക്കരനാട്ടിൽ 9, പുത്തൻകുരിശിൽ 8,മഴുവന്നൂരിൽ 3, പൂതൃക്കയിൽ 5, തിരുവാണിയൂരിൽ 1 എന്നിങ്ങനെയാണ്.