മറന്നു പോയതെന്തും നാം തിരഞ്ഞെത്തുന്ന സൈബറിടങ്ങളിൽ പുതിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കി ഒഡിഷ ഹൈക്കോടതി കഴിഞ്ഞ ദിവസം ഒരു വിധി പറഞ്ഞു. നമ്മുടെ പൗരാവകാശങ്ങളുടെ പട്ടികയിൽ ഒരെണ്ണം കൂടി വേണം. മറക്കപ്പെടാനുള്ള അവകാശം. സൈബർ ലോകത്ത് ഇതുവരെയില്ലാത്തതും അനിവാര്യമായതുമായ മഹത്തായ അവകാശമാണിതെന്നും ഒഡിഷ ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പീഡനക്കേസിൽ പ്രതിയെ സുബ്രാംശു റാവത്ത് എന്നൊരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഒഡിഷ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എസ്.കെ. പാണിഗ്രഹി ഇക്കാര്യം പറഞ്ഞത്. പ്രതി പീഡനത്തിന്റെ ദൃശ്യങ്ങൾ ഇരയുടെ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റ് ചെയ്തു. പിന്നീട് പൊലീസ് കേസായതോടെ പ്രതി ഫേസ് ബുക്കിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. എന്നാൽ യുവതിയുടെ ദൃശ്യങ്ങൾ സൈബർ മേഖലയിൽ ഇപ്പോഴും പ്രചരിക്കുന്നു. ഇൗ ദുരവസ്ഥയാണ് മറക്കപ്പെടാനുള്ള അവകാശമെന്ന ചിന്തയിലേക്ക് കോടതിയെ എത്തിച്ചത്.
ടൂത്ത് പേസ്റ്റിന്റെ ഗതി
സോഷ്യൽ മീഡിയ ഉൾപ്പെടുന്ന പബ്ളിക് ഡൊമൈനിൽ പങ്കുവെക്കുന്ന വിവരങ്ങൾക്കും ദൃശ്യങ്ങൾക്കും ടൂത്ത് പേസ്റ്റിന്റെ ഗതിയാണെന്ന് ജസ്റ്റിസ് എസ്. കെ. പാണിഗ്രഹി പറയുന്നു. ഒരിക്കൽ ട്യൂബിൽ നിന്ന് പുറത്തേക്ക് ചാടിയാൽ പിന്നീടു തിരിച്ചു കയറ്റാൻ കഴിയാത്ത ടൂത്ത് പേസ്റ്റു പോലെയാണ് സൈബറിടങ്ങളിലെ ദൃശ്യങ്ങൾ. . ഒരിക്കൽ പറത്തി വിട്ടാൽ പിന്നീടു തിരിച്ചു പിടിക്കാൻ കഴിയില്ല. ഇതിനൊരവസാനം വേണം. ടെക്നോളജിയുടെ സഹായത്തോടെയുള്ള ഒരു നീക്കം. പീഡനക്കേസുകളിലെ പ്രതികൾക്ക് കഠിനമായ ശിക്ഷ വിധിക്കാൻ നിയമവും ഇതു നടപ്പാക്കാൻ നാട്ടിൽ സംവിധാനങ്ങളുമുണ്ട്. എന്നാൽ പീഡനത്തിന്റെ ദൃശ്യങ്ങൾ സൈബർ മേഖലയിൽ പങ്കുവെക്കുന്നതു ഷെയർ ചെയ്തു വൈറലാകുന്നതു തടയാൻ സംവിധാനമില്ല. മുമ്പെങ്ങുമില്ലാത്ത വിധം ഇത്തരം രീതികൾ വർദ്ധിച്ചു വരികയാണ്. ഒരിക്കൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ദൃശ്യങ്ങൾ പിന്നീട് എന്നേക്കുമായി സെർവറുകളിൽ നിന്ന് നീക്കാൻ ഇരകൾക്ക് കഴിയുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒരിക്കൽ പീഡിപ്പിക്കപ്പെട്ട ഇര വീണ്ടും വീണ്ടും സൈബർ ലോകത്ത് പീഡനത്തിനിരയാവുകയാണ്. സ്വകാര്യതയെന്ന അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണിത്. ആ നിലയ്ക്ക് കുറേക്കൂടി ശക്തമായി പറഞ്ഞാൽ മായ്ക്കാനുള്ള അവകാശം അല്ലെങ്കിൽ സൈബറിടങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള അവകാശം അവൾക്കുണ്ടെന്ന് തിരിച്ചറിയണം. സോഷ്യൽ മീഡിയ സൈറ്റുകളുടെ സെർവറുകളിൽനിന്ന് എന്നേക്കുമായി ദൃശ്യങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമെന്നതു നമ്മുടെ രാജ്യത്ത് നിലവിലില്ല. അതുകാരണം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പീഡന ദൃശ്യങ്ങൾ ഒരു തടസവുമില്ലാതെ സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുകയാണ്. ബേട്ടി ബചാവോ, സ്ത്രീ സുരക്ഷ തുടങ്ങി നമ്മുടെ രാജ്യമുയർത്തുന്ന മുദ്രാവാക്യങ്ങൾക്കു തടസമാണിത്. മറക്കപ്പെടാനുള്ള അവകാശം സംരക്ഷിക്കുന്നതിന് എന്തൊക്കെ ചെയ്യാനാവും ? അത്തരം ചർച്ചകൾക്കാണ് തുടക്കമിടുന്നതെന്നും ഒഡിഷ ഹൈക്കോടതി പറയുന്നു.
കണ്ണിൽ ചോരയില്ലാത്ത നിർദ്ദേശം
കർണ്ണാടകയിൽ അന്ധരുൾപ്പെടെ ശാരീരിക വൈകല്യം നേരിടുന്ന വിഭാഗത്തിൽ പെടുന്ന സർക്കാർ ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കാൻ സർക്കാർ ഉത്തരവിട്ടതു പുന: പരിശോധിക്കാൻ കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു. കൊവിഡ് സാഹചര്യത്തിൽ ഇത്തരമൊരുത്തരവു നടപ്പാക്കരുതെന്നും കാഴ്ച വൈകല്യമുള്ള സർക്കാർ ജീവനക്കാർ കൊവിഡ് ഭീഷണിയുടെ സാഹചര്യത്തിലും ഒാഫീസിൽ എത്തണമെന്ന നിർദ്ദേശം കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്നും ചൂണ്ടിക്കാട്ടി കർണ്ണാടക ഫെഡറേഷൻ ഒഫ് ബ്ളൈൻഡ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ഒക്ക, ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. രണ്ടാഴ്ചയ്ക്കുള്ളിൽ പുന: പരിശോധിക്കാനാണ് ഉത്തരവിൽ പറയുന്നത്. അന്ധതയുള്ളതിനാൽ ജോലിക്ക് ഒാഫീസിലെത്തണമെങ്കിൽ മറ്റൊരാളുടെ സഹായം വേണം. ഇത്തരം സാഹചര്യത്തിൽ മറ്റുള്ളവരുമായി സാമൂഹ്യഅകലം പാലിക്കാൻ കഴിയില്ല. കൈപിടച്ചു നടക്കേണ്ട സാഹചര്യം ഇപ്പോൾ ഒഴിവാക്കേണ്ടതുണ്ട്. ഇൗ വസ്തുതകൾ കണക്കിലെടുക്കാതെയാണ് കാഴ്ച വൈകല്യം ഉള്ള ജീവനക്കാരും ജോലിക്കെത്താൻ സർക്കാർ നിർദ്ദേശിച്ചതെന്ന് ഹർജിക്കാർ ആരോപിച്ചു.