കൊച്ചി: കൊതുക് ഒരു ചെറിയ ജീവിയല്ല. കേരളം കത്തിയെരിയുന്ന രാഷ്ട്രീയ സംവാദങ്ങൾക്കിടയിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊതുകുതന്നെയാണ് കൊച്ചി കോർപ്പറേഷനിലെ താരം. നഗരത്തിന് കൊതുകുകളുടെ തലസ്ഥാനമാണെന്ന പേര് പണ്ടേയുണ്ട്. ആധുനിക ജീവിതസൗകര്യങ്ങളിൽ തിരികളും ബാറ്റും പേസ്റ്റുമുപയോഗിച്ച് ചിലരൊക്കെ കഷ്ടിച്ച് രക്ഷപെടുന്നുണ്ടെങ്കിലും പകലും രാത്രിയും കൊതുകുകളുമായി യുദ്ധം ചെയ്യുന്നവരാണ് നഗരവാസികളിലേറെയും. ദേശീയ പാർട്ടികൾ പോലും തിരഞ്ഞെടുപ്പ് വേളയിൽ മറ്റെല്ലാം മാറ്റിവച്ച് കൊതുകുപുരാണം പറയാൻ നിർബന്ധിതരായതും.

കഴിഞ്ഞദിവസം എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ നേതാക്കൾ പരസ്പരം പഴിച്ചതും കുറ്റപ്പെടുത്തിയതും ഇത്തിരിക്കുഞ്ഞൻ രക്തരക്ഷസിന്റെ പേരിലായിരുന്നു. കഴിഞ്ഞ 10 വർഷം കൊച്ചി ഭരിച്ച യു.ഡി.എഫ് കൊതുകിനെ നശിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്നായിരുന്ന ഇടതുമുന്നണി നേതാവ് സി.എൻ. മോഹനന്റെ വിമർശനം. സ്മാർട്ട് സിറ്റി പദ്ധതിയുൾപ്പെടെ മറ്റുപലതും പറയാനുണ്ടെങ്കിലും കൊതുക് സമ്മതിക്കുന്നില്ലെന്ന മട്ടിലായിരുന്നു ഇടതുപക്ഷത്തുനിന്നുള്ള വിമർശനം.

അവിടെ നിൽക്കട്ടെ, 10 വർഷം മുമ്പുള്ള 35 വർഷം നിങ്ങൾ ഭരിച്ചിട്ട് എത്ര കൊതുകിനെ കൊന്നു എന്നായി യു.ഡി.എഫ് നേതാവ് എൻ. വേണുഗോപാലിന്റെ മറുചോദ്യം. കൊതുക് ഒരു ആഗോള പ്രതിഭാസമാണ്. മാലിന്യമാണ് കൊതുകിനെ വളർത്തുന്നത്. മാലിന്യം നീക്കം ചെയ്യുന്നതിനൊപ്പം അഴുക്കുചാലിലെ വെള്ളം ഒഴുക്കി കളയണം. അവിടെയാണ് കൊതുക് മുട്ടയിടുന്നത്. പക്ഷേ വെള്ളം എങ്ങോട്ട് ഒഴുക്കും. കൊച്ചിയെക്കാൾ ഒരടി ഉയരത്തിലാണ് കടൽ നിൽക്കുന്നത്. അതുകൊണ്ട് അങ്ങോട്ടുചെല്ലുന്ന വെള്ളം അതിലും ശക്തിയായി ഇങ്ങോട്ടുവരും. ഇത്തരം സാഹചര്യത്തിൽ മലിനജലം ഒഴുക്കി കളയാൻ ആസൂത്രിതമായ നഗരവിസകനം വേണം. അതിന് എൻജിനീയർമാർ വേണം. കോർപ്പറേഷനിൽ എൻജിനീയർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. അതുകൊണ്ട് കൊതുക് പെരുകന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുമാണെന്ന് യു.ഡി.എഫ് വാദിച്ചു.

ഇതെല്ലാം കേട്ടിരുന്ന എൻ.ഡി.എ നേതാവിന്റെ പ്രതികരണം, നിങ്ങൾ രണ്ടുപേരും പരസ്പരം പോരടിക്കുന്നതല്ലാതെ കൊതുകിനെ തുരത്താൻ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിക്കുക മാത്രമല്ല, തങ്ങൾക്ക് അധികാരം ലഭിച്ചാൽ അതിവേഗം കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുമെന്നും അതിലൂടെ കൊതുകില്ലാത്ത കൊച്ചി യാഥാർത്ഥ്യമാക്കുമെന്നും വിവരിച്ചു. സ്വർണക്കടത്തും ഇ.ഡിയുമൊക്കെ തിരഞ്ഞെടുപ്പിൽ ചൂടൻ ചർച്ചാവിഷയമാകുമെന്ന് കരുതിയവരൊക്കെ മെട്രോ കൊച്ചിയിലെ കൊതുകിന് മുമ്പിൽ വീണ്ടും മുട്ടുമടക്കിയ കാഴ്ചയാണ് ഇത്തവണയും കാണാനായത്.