കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് തുകയിൽ നിന്ന് യാത്രാബത്ത വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ആൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സാമൂഹികനീതി വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് കത്ത് നൽകി.
സ്‌കൂളിൽ പോകുന്നില്ലെന്ന കാരണത്താൽ ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് തുകയായ 28500 രൂപയിൽ നിന്ന് 12000 രൂപ യാത്രാബത്തയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
സ്‌കൂളുകൾ അടച്ചിട്ടതോടെ പലരക്ഷിതാക്കളും ജോലിക്ക് പോകാതെ കുട്ടികളെ പരിചരിക്കാൻ വീട്ടിലിരിക്കുകയാണ്. കുട്ടികളുടെ ഓൺലൈൻ പഠനത്തിന് ഉൾപ്പെടെ അധികച്ചെലവുണ്ട് .ഈ സാഹചര്യത്തിൽ വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു. ഗുരുതരമായ അംഗപരിമിതി നേരിടുന്നവർക്കും എം.ആർ. വിഭാഗക്കാർക്കും ചലനശേഷി നഷ്ടപ്പെട്ടവർക്കും സ്‌കോളർഷിപ്പ് തുക പൂർണമായും നൽകണം. ഗുരുതരമായ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ആനൂകൂല്യം വെട്ടിച്ചുരുക്കുന്നത് അനീതിയും വിവേചനവുമാണെന്നും അദ്ദേഹം പറഞ്ഞു.