തേക്കടി: അമ്മ കൈവിട്ട കടുവകുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ വനപാലകരുടെ കഠിനശ്രമം. പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രപരിസരത്തുനിന്ന് കഴിഞ്ഞ 21 നാണ് 60 ദിവസം പ്രായമുള്ള കടുവ കുഞ്ഞിനെ അനാഥാവസ്ഥയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കുഞ്ഞിനെ ഉടൻതന്നെ വനംവകുപ്പിന്റെ തേക്കടിയുള്ള പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. അസി.ഫോറസ്റ്റ് വെറ്രിനറി ഓഫീസർ ഡോ. ശ്യാം ചന്ദ്രന്റെ മേൽനോട്ടത്തിൽ തീവ്രപരിചരണം നൽകുന്നുണ്ടെങ്കിലും കടുവകുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാം വിധം വീണ്ടെടുക്കാനായിട്ടില്ല. ദിവസങ്ങളോളം മുലപ്പാലും മറ്റ് ആഹാരങ്ങളും ലഭിക്കാത്തതുമൂലമുള്ള അനാരോഗ്യമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. അതേസമയം മംഗളാദേവി ക്ഷേത്രപരിസരത്ത് പെരിയാർ കടുവ സങ്കേതത്തിലും തമിഴ്നാട് വനമേഖലയായ മേഘമല പ്രദേശത്തും തള്ളക്കടുവയെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വനത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാമറ ട്രാപ്പ് ഘടിപ്പിച്ചും നൂതനസാങ്കേതിക വിദ്യകളുടെ സഹായത്താൽ ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശിച്ചുമാണ് നിരീക്ഷണം നടത്തുന്നത്. കടുവകുട്ടിയുടെ ആരോഗ്യനില വീണ്ടെടുത്തശേഷം മാതാവിനൊപ്പം വിട്ടയക്കാനാണ് ഈ പരിശ്രമം. ദേശീയ കടുവസംരക്ഷണ അതോറിട്ടിയുടെ മാർഗനിദ്ദേശ പ്രകാരമുള്ള രക്ഷാപ്രവർത്തനങ്ങളാണ് നടക്കുന്നത്. തള്ളക്കടുവ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് അസാധാരണ സാഹചര്യമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.