കൊച്ചി: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി നഗരസഭ നടപ്പാക്കിയ നിയമാവലി സ്റ്റേചെയ്ത നടപടി ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കി. സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ തിരുവനന്തപുരം കോർപ്പറേഷനും നഗരസഭാ സെക്രട്ടറിയും നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. കുടിവെള്ളവിതരണം നിയന്ത്രിക്കുന്ന നഗരസഭയുടെ നിയമാവലിക്കെതിരെ സർക്കാരിനു നൽകിയ നിവേദനം സമയബന്ധിതമായി പരിഗണിച്ചു തീർപ്പാക്കണമെന്ന സിംഗിൾബെഞ്ചിന്റെ നിർദ്ദേശം ഡിവിഷൻബെഞ്ച് ശരിവച്ചിട്ടുമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വകാര്യടാങ്കറുകളിൽ നഗരത്തിൽ കുടിവെള്ളവിതരണം നടത്തുന്നതിന് വ്യവസ്ഥകൾ ഏർപ്പെടുത്തിയത്. കുടിവെള്ളത്തിന് മനഃസാക്ഷിക്കു നിരക്കാത്ത റേറ്റ് പൊതുജനങ്ങളിൽനിന്ന് ഇൗടാക്കുന്നത് തടയാനും തടസമില്ലാതെ കുടിവെള്ളവിതരണം ഉറപ്പാക്കാനുമാണ് നഗരസഭ നിയമാവലി കൊണ്ടുവന്നത്. എന്നാൽ ഇത്തരമൊരു നിയമാവലി കൊണ്ടുവരാൻ സർക്കാരിന്റെ അനുമതി വേണമെന്നും നഗരസഭ കൊണ്ടുവന്ന ബൈലോ നിയമവിരുദ്ധമാണെന്നുമാരോപിച്ച് സ്വകാര്യടാങ്കർ ലോറിഉടമകൾ നൽകിയ ഹർജിയിൽ ആഗസ്റ്റ് 19 ന് സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചു.

പൊതുജനാരോഗ്യവും ജനക്ഷേമവും മുൻനിറുത്തിയാണ് കുടിവെള്ള വിതരണത്തിനുള്ള സ്കീമിന് നിയമാവലി ഏർപ്പെടുത്തിയതെന്ന് നഗരസഭ അപ്പീലിൽ വ്യക്തമാക്കി. കേരള മുനിസിപ്പാലിറ്റി ആക്ടിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ബൈലോ കൊണ്ടുവന്നത്. ഇതു നിയമപരമാണോ എന്നു പരിശോധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനാണെന്നും സർക്കാർ നടപടിയെടുക്കുംവരെ നഗരസഭയുടെ ബൈലോ സാധുവാണെന്നും നഗരസഭയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷൻ എൻ. നന്ദകുമാരമേനോൻ വാദിച്ചു. ഇതു ശരിവച്ചാണ് ഡിവിഷൻബെഞ്ച് സ്റ്റേ നീക്കിയത്.