addullakkutty
എൻ.ഡി.എ എടത്തല ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളാക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

•കേന്ദ്രഭരണം ജനങ്ങൾക്ക് കുളിർമഴ, സംസ്ഥാന ഭരണം കല്ലുമഴ

ആലുവ: ഏത് വിധേനയും അധികാരത്തിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്ന ഇടതുപക്ഷം പി.പി.ഇ കിറ്റ് ധരിച്ചും കള്ളവോട്ടിന് ശ്രമിക്കുമെന്നും ഇക്കാര്യത്തിൽ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും ബി.ജെ.പി അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളാക്കുട്ടി പറഞ്ഞു.

എൻ.ഡി.എ എടത്തല ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ പർദ്ദയണിഞ്ഞും കള്ളവോട്ടിന് ശ്രമിച്ചവരാണിവർ. 'വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് മറക്കരുത്, പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ താമരയും മറക്കരുത്' എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ഇരുമുന്നണികളും ചേർന്ന് കേരളത്തിന്റെ വികസനം മുരടിപ്പിച്ചു. ആറ് വർഷം കൊണ്ട് നരേന്ദ്രമോദി നിർമ്മിച്ചത് 1,80,000 കിലോമീറ്റർ റോഡാണ്. കേരളത്തിലെ റോഡുകളുടെ വേഗത ഒച്ചിഴയും വേഗത്തിലാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ പുള്ളിപ്പുലിയുടെ വേഗതയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മനസിൽ കുളിർമഴയായി പെയ്തിറങ്ങുമ്പോൾ കേരളത്തിൽ പിണറായിയുടെ ഭരണത്തിൽ കല്ലുമഴയാണ് പെയ്യുന്നത്. 118 എ നിയമം നടപ്പാക്കിയിരുന്നെങ്കിൽ ആദ്യം അറസ്റ്റിലാകുന്നത് പിണറായി വിജയൻ തന്നെയായിരിക്കുമെന്നും അബ്ദുള്ളാക്കുട്ടി പരിഹസിച്ചു.

പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, മണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിജു ഹസൻ, ബി.ജെ.പി മണ്ഡലം ട്രഷറർ അപ്പു മണ്ണഞ്ചേരി, ശ്രീകുമാർ കിഴിപ്പിള്ളി, അരുൺകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ, ബ്ളോക്ക്, പഞ്ചായത്ത് സ്ഥാനാർത്ഥികളും കൺവെൻഷനിൽ പങ്കെടുത്തു.