കൊച്ചി : ഭൂമി ഏറ്റെടുത്തതിനു മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ വടക്കുംഭാഗത്തു മനയിൽ മണിക്കുട്ടൻ നമ്പൂതിരി നടത്തിയ നിയമപോരാട്ടം പാഴായില്ല. എരൂരിലെ റെയിൽവെ മേൽപാലത്തിനു ഭൂമി വിട്ടുകൊടുത്ത വകയിൽ 1.30 കോടി രൂപയാണ് മണിക്കുട്ടൻ നമ്പൂതിരിക്ക് അധികം ലഭിക്കുന്നത്. മേൽപാല നിർമ്മാണത്തിനായി 11.41 സെന്റ് ഭൂമി വിട്ടു കൊടത്തതിനെത്തുടർന്ന് പഴയ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സെന്റിന് 7.55 ലക്ഷം രൂപയെന്ന നിരക്കിൽ 85 ലക്ഷം രൂപയാണ് മണിക്കുട്ടൻ നമ്പൂതിരിക്ക് നഷ്ടപരിഹാരമായി ലഭിച്ചത്. ഇൗ തുക വിയോജിപ്പു രേഖപ്പെടുത്തി കൈപ്പറ്റിയശേഷം ഹർജിക്കാരൻ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യവുമായി ഹൈക്കോടതിയിലെത്തി. പുതിയ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമിയുടെ വില മാത്രമല്ല, മറ്റിനങ്ങളുടെ നഷ്ടം, മാനസികവ്യഥ, പുനരധിവാസം തുടങ്ങിയ ഘടകങ്ങൾകൂടി കണക്കിലെടുത്ത ഹൈക്കോടതി 1.30 കോടി രൂപ കൂടി ഹർജിക്കാരനും നൽകാൻ ഉത്തരവിട്ടു. എന്നാൽ ഇൗ തുകയും അപര്യാപ്തമാണെന്നും നഷ്ടപരിഹാരം കണക്കാക്കിയതിൽ പോരായ്മയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാൻ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.