കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ മുന്നൂറ് ഹെക്ടർ പാടശേഖരങ്ങളിൽ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് കെട്ടിഅടച്ചിരുന്ന ചിറകൾ സാമൂഹ്യ വിരുദ്ധർ പൊളിച്ചു. ഇടമറ്റം, തട്ടേക്കാട്, പുത്തൻചിറ എന്നിവിടങ്ങളിലെ തടയിണകളാണ് തുറന്ന് വിട്ടത്. തടയിണകളിൽ സ്ഥാപിച്ചിരുന്ന മരപ്പലകകളടക്കം നശിപ്പിച്ച് കളഞ്ഞ നിലയിലാണ്. വെള്ളം ഒഴുക്കിക്കളഞ്ഞതോടെ പടശേഖരങ്ങളിൽ വെള്ളം കയറാതായി. നെൽക്കതിര് വരുന്ന സമയമായതിനാൽ വെള്ളം ഇല്ലാതാവുന്നത് വിളവിനെ ബാധിക്കും എന്ന ആശങ്കയിലാണ് കർഷകർ. തോട്ടിൽ വിഷം കലക്കിയശേഷം മീൻ പിടിക്കുന്നതിന് ചിറ പൊളിച്ചതാകാമെന്നാണ് കരുതുന്നത്. വെള്ളം ഇല്ലാതെ കൃഷിനാശം സംഭവിച്ചാൽ രണ്ട് കോടിയോളം രൂപയുടെ നഷ്ടം പ്രദേശത്തെ കർഷകർക്ക് സംഭവിക്കും. ഇത്തരത്തിൽ ചിറ തുറന്നുവിടുന്നത് മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും പ്രതിസന്ധിഉണ്ടാക്കും വിധം മൂന്ന് ചിറകൾ തുറന്നുവിട്ടത് ആദ്യമായാണ്. തരിശ് രഹിത പഞ്ചായത്ത് കേരളം എന്ന സർക്കാരിന്റെ കാഴ്ചപ്പാടിനൊപ്പം നീങ്ങുന്ന കർഷകരെ ദ്രോഹിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഉടൻ കണ്ടെത്തണമെന്നും മേലിൽ ഇത്തരം പ്രവർത്തികൾ ഉണ്ടാകാതിരിക്കുവാൻ അധികാരികൾ ഇടപെടണമെന്നും കർഷക സംഘം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുവാറ്റുപുഴ ആർഡിഒക്കും കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലും കർഷക സംഘം വില്ലേജ് പ്രസിഡന്റ് വി ആർ രാധാകൃഷ്ണൻ, സെക്രട്ടറി വർഗീസ് മാണി എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി. പാടശേഖര സമിതി പ്രസിഡന്റ് എം ആർ ശശി, ടി എ രാജൻ, വി ആർ സതീശൻ, എം എം ജോർജ് എന്നിവർ പ്രതിഷേധിച്ചു.