പറവൂർ: പറവൂർ നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർഥികളായ ഷാഹുൽ ഹമീദ്, ജോബി പഞ്ഞിക്കാരൻ, നിർമല രാമൻ, ടോബി മാമ്പിള്ളി എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎൽഎ അറിയിച്ചു. പറവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ഷാഹുൽ ഹമീദ് നഗരസഭ മുൻ വൈസ് ചെയർമാനും നിലവിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്. മറ്റു മൂന്നു പേരും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരാണ്. ജോബി പഞ്ഞിക്കാരൻ മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനുമാണ്. വിമതരായി ഏഴു പേർ മത്സരരംഗത്തുണ്ടെങ്കിലും കോൺഗ്രസ് ഭാരവാഹികൾക്കെതിരെയാണു നടപടി വന്നിട്ടുള്ളത്. മുൻ കൗൺസിലർ ജിൻസി ജിബു, മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മേരി പാപ്പച്ചൻ, ദലിത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജു കാഞ്ഞിരക്കാട്ടുപറമ്പിൽ എന്നിവർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. പുത്തൻവേലിക്കര പഞ്ചായത്ത് നാലാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിക്കുന്നതിനു നേതൃത്വം കൊടുത്തുവെന്ന പരാതിയിൽ കഴിഞ്ഞ ഭരണസമിതിയിലെ ആരോഗ്യകാര്യ സ്റ്രാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.എ. ബിജുവിനെയും പതിനാലാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്ന പി.എൽ. ഫ്രാൻസിസിനെയും മണ്ഡലം പ്രസിഡന്റിന്റെ പരാതിയെത്തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.