പെരുമ്പാവൂർ: അമേച്വർ നാടകരംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച കലാകാരൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. കുറുപ്പംപടി ഐമുറി മുട്ടത്തുപറമ്പിൽ വീട്ടിൽ രാജുകാർമൻ (54) ആണ് ചമയങ്ങളില്ലാത ജീവിതത്തിൽ ഉദാരമതികളുടെ സഹായം തേടുന്നത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രാജുവിന്റെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും പണം കണ്ടെത്താനാവാതെ ഭാര്യയും രണ്ടുപെൺമക്കളുമുൾപ്പെടുന്ന നിർധനകുടുംബം പകച്ചുനിൽക്കുകയാണ്. ശ്വാസകോശസംബന്ധമായ അസുഖങ്ങളും രാജുവിനെ അലട്ടുന്നു. 37 കൊല്ലത്തിലധികമായി നാടകരംഗത്ത് പ്രവർത്തിക്കുന്ന രാജുവിന് കേന്ദ്രമാനവവിഭവശേഷിവകുപ്പിന്റെ ഫെലോഷിപ്പ്, അംബേദ്കർ കലാശ്രീ അവാർഡ്, മികച്ചനടൻ, സംവിധായകൻ എന്നിവയ്ക്കുളള കേന്ദ്രസർക്കാർ പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. 2006ൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച 18 രാജ്യങ്ങളിൽ നിന്നുളള നാടകകലാകാരൻമാർ പങ്കെടുത്ത ഇന്ത്യൻ തീയറ്റർ ഒളിമ്പ്യാഡിൽ മികച്ച നടനുളള പുരസ്‌കാരും നേടി. കലാസംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിലും പ്രവർത്തിച്ചു. രാജുകാർമന്റെ ചികിത്സയ്ക്കുളള പണം കണ്ടെത്തുന്നതിനായി ഫെജിൻ പോൾ, മിനി ബാബു(രക്ഷാ.), ജോയ് പോൾ (പ്രസി.), പി.കെ. സാജു (സെക്ര.),സിജു ചാക്കോ (വൈ. പ്രസി.) ബേസിൽ ജേക്കബ് (ജോ. സെക്ര.). അഖിൽ വർഗീസ് (ട്രഷ.) എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ സഹായസമിതി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. സമിതിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കുറുപ്പംപടി ശാഖയിൽ അക്കൗണ്ട് തുടങ്ങി.
നമ്പർ: 0809053000002555, ഐ.എഫ്.എസ്.സി. : എസ്.ഐ.ബി.എൻ 0000809.വിലാസം: രാജുകാർമൻ, മുട്ടത്തുപറമ്പിൽ, കിഴക്കേ ഐമുറി, കുറുപ്പംപടി, എറണാകുളം ജില്ല. പിൻ 683545, ഫോൺ: 9745699229