കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ ജനകീയ ഡോക്ടറായിരുന്ന ഇ.സി. ബാബുക്കുട്ടിക്ക് സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു. അസ്ഥിരോഗ വിഭാഗം മേധാവിയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്.
ഇന്നലെ രാവിലെ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സഹപ്രവർത്തകരും വിദ്യാർത്ഥികളും അന്തിമോമചാരം അർപ്പിച്ചു. കൊവിഡിനെതിരായ മെഡിക്കൽ കോളേജിന്റെ പോരാട്ടത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അസ്ഥിരോഗവിഭാഗം മേധാവി എന്ന നിലയിൽ പ്രഗത്ഭനായ ഡോക്ടറായിരുന്നു അദ്ദേഹമെന്ന് പ്രിൻസിപ്പൽ ഡോ.വി. സതീഷ് പറഞ്ഞു.
രോഗികളോട് കാരുണ്യത്തോടെ പെരുമാറിയിരുന്ന അദ്ദേഹം നിർദ്ധനരെ സാമ്പത്തികമായും സഹായിച്ചിരുന്നു. മെഡിക്കൽ കോളേജിന്റെ വികസന കാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്നു അദ്ദേഹം.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒക്ടോബർ 22 ന് നെഗറ്റീവായി. തുടർന്ന് ന്യുമോണിയ ബാധിച്ച അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോട്ടയം സ്വദേശിയായ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗം മേധാവിയായി സ്ഥലംമാറ്റി ഉത്തരവ് വ്യാഴാഴ്ച ലഭിച്ചിരുന്നു. സ്വന്തം നാട്ടിൽ നിന്ന് വിരമിക്കണമെന്ന താല്പര്യം പ്രകടിപ്പിച്ചതു പ്രകാരമായിരുന്നു സ്ഥലംമാറ്റം. ഇക്കാര്യം അറിയാതെയാണ് അന്ത്യം. സംസ്കാരം കോട്ടയം പാമ്പാടിയിലെ വീട്ടുവളപ്പിൽ നടത്തി.