തൃക്കാക്കര : തൃക്കാക്കര ഉറ്റുനോക്കുകയാണ് പതിനഞ്ചാം വാർഡായ ഹെൽത്ത് സെന്ററിലേക്ക്. ചതുഷ്കോണ മത്സരം നടക്കുന്നു എന്നത് തന്നെയാണ് കാരണം. മൂന്ന് മുന്നണികൾക്കും പുറമേ കോൺഗ്രസ് യുവനേതാവ് സ്വതന്ത്രനായി മത്സരിക്കുന്നതോടെ വാർഡിൽ തീപ്പൊരി പോരാട്ടത്തിനാണ് സാക്ഷിയാകുന്നത്. ഇതോടെ സിറ്റിംഗ് സീറ്റിൽ അടിപതറുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതൃത്വം. മുൻ നഗരസഭ കൗൺസിലറും,യൂത്ത് കോൺഗ്രസ് നേതാവുമായ പി.സി മനൂപാണ് സ്വതന്ത്ര സ്ഥാനാർത്ഥി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാണ് ഹെൽത്ത് സെന്റർ വാർഡിൽ നിന്നും വിജയിച്ചിരുന്നത്. എന്നാൽ വാർഡ് യു.ഡി.എഫ് വാർഡായി കണക്കാക്കാനാവില്ല. കോൺഗ്രസിലെ ഗ്രൂപ്പ് കരുനീക്കങ്ങൾക്കൊടുവിൽ പി.സി മനൂപ് തഴയപ്പെട്ടു. പകരം എ ഗ്രൂപ്പ് നേതാവ് പി.പി.അലിയാർ സ്ഥാനാർത്ഥിയായി. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.
തുടർന്നാണ് പി.സി മനൂപ് സ്വതന്ത്ര സ്ഥാനാർത്ഥികളായി കളത്തിലിറങ്ങിയത്.എൽ.ഡി.എഫിൽ സി.പി.എം നേതാവ് കെ.ബി ദാസനാണ് മത്സരിക്കുന്നത്. ധർമ്മരാജനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കെ.ബി ദാസനും മനൂപും നേർക്കുനേരാണ്‌ മത്സരിക്കുന്നത്.പ്രചാരണ രംഗത്തും ഇരുവരുമാണ് വാർഡിൽ നിറയുന്നത്.