നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ റബൽ ശല്യത്തിൽ വീർപ്പുമുട്ടുകയാണ് ഇരു മുന്നണികളും. യു.ഡി.എഫിനേക്കാർ ശല്യം കുറവ് എൽ.ഡി.എഫിനാണ്.

മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വർഗീസ് മത്സരിയ്ക്കുന്ന 17 -ാം വാർഡിൽ എ വിഭാഗം മുൻ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ആൻറു നെൽക്കരയാണ് വി​മതൻ.

എ വിഭാഗം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.വി. പൗലോസ് മത്സരിയ്ക്കുന്ന 12 -ാം വാർഡിൽ വാർഡ് പ്രസിഡന്റ് പുഷ്‌ക്കരനെ സ്ഥാനാർത്ഥിയാക്കിയാണ് ഐ വിഭാഗം തിരിച്ചടിക്കുന്നത്.

13 -ാം വാർഡിൽ ബ്ലോക്ക് സെക്രട്ടറി പി.വി. കുഞ്ഞ് സ്ഥാനം രാജിവെച്ച് റബലായി രംഗത്തുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥിക്കൊപ്പമാണ് കുഞ്ഞിന്റെ പ്രവർത്തനം.

എസ്.സി വനിതാ സംവരണ നാലാം വാർഡിൽ ഐ വിഭാഗത്തിലുള്ള സ്ഥാനാർത്ഥിക്കെതിരെ എ വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. റബൽ സ്ഥാനാർത്ഥി ഇവിടെയുമുണ്ട്. എട്ടാം വാർഡിലാണ് എൽ.ഡി.എഫിന് റബൽ. സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗം വി.വൈ. ഏല്യാസാണ് എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി എ.വി. സുനിലിനെതിരെ മത്സരിക്കുന്നത്. നേരത്തെ സി.പി.എമ്മുകാരനായിരുന്ന ഏല്യാസ് സി.പി.എം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 2015ൽ ഏഴാം വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാളാണ്. പിന്നീട് സി.പി.ഐയിൽ ചേർന്ന് ലോക്കൽ കമ്മിറ്റിയംഗമായി. ഇക്കുറി മുന്നണി ചർച്ചയിൽ സി.പി.ഐക്ക് രണ്ട് സീറ്റ് നൽകിയെങ്കിലും ഏല്യാസിനെ മത്സരിപ്പിക്കരുതെന്ന ഉപാധി സി.പി.എം മുന്നോട്ടുവച്ചു. സി.പി.ഐ നേതാക്കൾ ഇത് അംഗീകരിച്ചെങ്കിലും ഏലിയാസ് എട്ടാം വാർഡിൽ പത്രിക നൽകി​.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ലോക്കൽ കമ്മിറ്റി അംഗം വി.വൈ. ഏല്യാസിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ലോക്കൽ സെക്രട്ടറി ബി. രാധാകൃഷ്ണപിള്ള അറിയിച്ചു.